മോദിയെക്കുറിച്ചുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍റെറി; ബിബിസിക്കെതിരെപരാതി

single-img
20 January 2023

ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍റെറിയിൽ ബിബിസിക്കെതിരെ പോലീസിൽ പരാതി. സുപ്രീം കോടതി അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ വിനീത് ജിൻഡാലാണ് ഡൽഹി പൊലീസ് കമ്മീഷണർ സഞ്ജയ് അറോറ ഐപിഎസിന് പരാതി നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ ജനങ്ങളാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ഇവിടെ ഭരണഘടനാപരമായ ഒരു ഗവൺമെന്റുണ്ട്. ബിബിസിയുടെ ഈ പവൃത്തി ഇന്ത്യയിലെ മാത്രമല്ല, ലോകമാകെയുള്ള ഹിന്ദുക്കൾക്കെതിരെ മുസ്ലിങ്ങളെ ഇളക്കി വിടാനുള്ള ഗൂഢാലോചനയാണെന്നും വിനീത് പരാതി വിവരം പങ്കുവച്ച് ട്വീറ്റ് ചെയ്തു.

അതേസമയം, വിവാദ ഡോക്യുമെന്‍റെറിയില്‍ വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരുന്നു. ഡോക്യുമെന്‍ററിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയരുന്നുവെന്ന് ബിബിസി വ്യക്തമാക്കി. പക്ഷെ ഇതിനോട് ഇന്ത്യ പ്രതികരിച്ചില്ല. മാത്രമല്ല, ഡോക്യുമെന്‍ററിയില്‍ ബിജെപി നേതാക്കളുടെ അഭിപ്രായം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി വിശദീകരണത്തില്‍ വ്യക്തമാക്കി.