ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണിയുടെ പ്രതീകാത്മക ജനകീയ വിചാരണ ഇന്ന്

single-img
30 October 2026

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതീകാത്മക പാർലമെന്റ് സംഘടിപ്പിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം പങ്കെടുക്കും.

പാർലമെന്റിന്റെ മാതൃകയിൽ സജ്ജീകരിക്കുന്ന ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മുൻ ലോക്‌സഭാ സ്പീക്കർ മീര കുമാർ പ്രതീകാത്മക പാർലമെന്റിന്റെ അധ്യക്ഷയാകും. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന പ്രമേയം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ അവതരിപ്പിക്കും. പ്രമേയം പാസാക്കി പ്രതിപക്ഷ നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തും.

സിവിൽ സൊസൈറ്റി പ്രതിനിധികളും വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് (എസ്ഐആർ) ദുരിതം നേരിട്ടവരും പരിപാടിയുടെ ഭാഗമാകും. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതീകാത്മക പാർലമെന്റ് സംഘടിപ്പിക്കുന്നത്.

നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യാ മുന്നണി പ്രതിഷേധ റാലിയും സംഘടിപ്പിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം പ്രവർത്തകരെ അണിനിരത്താനാകുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ഏകദേശം 18,000 സിപിഐഎം പ്രവർത്തകർ റാലിയിൽ പങ്കെടുക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി നേരത്തെ വ്യക്തമാക്കിയിരുന്നു.