ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്; ദില്ലിയിൽ പൊലീസ് തടഞ്ഞു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്ത്യ സഖ്യ എംപിമാർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചത്. ബിജു ജനതാദളും അഖിലേഷ് യാദവും പ്രതിഷേധത്തിൽ പങ്കെടുത്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തിൽ അണിനിരന്നു. മാർച്ച് കണക്കിലെടുത്ത് ദേശീയ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നീങ്ങിയ മാർച്ച് ആകാശവാണി ഭവന് മുന്നിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. തുടർന്ന് പ്രതിപക്ഷ നേതാക്കളും എംപിമാരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാൻ എസ്പി പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ അമിത ബലപ്രയോഗം പാടില്ലെന്ന നിർദേശമാണ് പൊലീസിന് നൽകിയിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിലെ വിവിധ മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു വിവിധ കേന്ദ്രങ്ങളിൽ നടന്നത്. എന്നാൽ ഇന്ന് മുതൽ പ്രതിഷേധത്തിന് കോൺഗ്രസും ഇന്ത്യ സഖ്യവും നേരിട്ട് നേതൃത്വം നൽകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന പ്രതിഷേധം ഇതോടെ കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നേടിയിരിക്കുകയാണ്.


