അംഗീകാരമില്ലാത്ത മദ്രസകൾക്ക് വരുമാനം; സ്രോതസുകളെ കുറിച്ച് അന്വേഷിക്കാൻ യോഗി സർക്കാർ

single-img
22 November 2022

യുപിയിൽ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന മദ്രസകളുടെ വരുമാന സ്രോതസുകളെ കുറിച്ച് അന്വേഷിക്കുമെന്ന്യോഗി സര്‍ക്കാര്‍. നേരത്തെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മദ്രസകളുടെ വരുമാന കണക്കെടുത്തിരുന്നു. ഈ കണക്കുകളിൽ സംസ്ഥാനത്തെ ഭൂരിഭാഗം മദ്രസകളും തങ്ങളുടെ വരുമാന മാര്‍ഗം സകാത്ത് ആണെന്നാണ് വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നൽകാത്ത 1500ലധികം മദ്രസകള്‍ക്ക് സകാത്ത് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കണ്ടെത്തുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ നേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലകളിലെ അംഗീകൃതമല്ലാത്ത മദ്രസകളിലെ വരുമാന സ്രോതസ് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ആദ്യ ഘട്ടത്തിൽ തയാറാക്കും.

മദ്‌റസകൾക്ക് ലഭിക്കുന്ന വരുമാനവും ചെലവുകളും നിരീക്ഷിക്കുന്നതിനായാണ് സര്‍വേ നടത്തിയതെന്ന് യോഗി സര്‍ക്കാരിലെ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി വ്യക്തമാക്കി. ഈ മദ്രസകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക്, പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് എവിടെ നിന്നാണ് ശമ്പളം നല്‍കുന്നത് എന്നിവ സര്‍വേയില്‍ ചോദിച്ചിരുന്നു. സംസ്ഥാനത്തുടനീളം സര്‍വേ നടന്നിട്ടുണ്ട്.

യോഗി സർക്കാർ മതസ്ഥാപനങ്ങളിലേക്ക് സര്‍ക്കാര്‍ കടന്നുകയറാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലീംമതസംഘടകള്‍ ആരോപിച്ചിട്ടുണ്ട്. സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.