ബിബിസി വിഷയം; മോദിക്കെതിരെയോ അദ്ദേഹം അന്ധമായി പിന്തുണയ്ക്കുന്നവരെയോ ചോദ്യം ചെയ്താൽ ആക്രമിക്കപ്പെടും: രാഹുൽ ഗാന്ധി

single-img
5 March 2023

കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യുന്നവർ രാജ്യത്ത് ആക്രമിക്കപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ അദ്ദേഹം അന്ധമായി പിന്തുണയ്ക്കുന്നവരെയോ ചോദ്യം ചെയ്താൽ ആക്രമിക്കപ്പെടുമെന്നും ബി ബി സി വിഷയത്തിലും ഇതാണ് സംഭവിച്ചതെന്നും രാഹുൽ ലണ്ടനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ മോദി സർക്കാർ കൈകടത്തുകയാണെന്നും രാഹുൽ വിമർശിച്ചു. 2002 ൽ നടന്ന ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ബി ബി സി ഡ‍ോക്യുമെന്‍റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി ജെ പി നേതാക്കളെയും ചൊടിപ്പിച്ചത്.

ഗുജറാത്ത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ചെയ്ത കാര്യങ്ങളാണ് രണ്ട് ഭാഗങ്ങളുള്ള ബി ബി സി ഡോക്യുമെന്‍ററിയിൽ ചൂണ്ടികാട്ടിയതെന്നും രാഹുൽ പറഞ്ഞു. ബി ബി സി പുറത്തിറക്കിയ ഡോക്യുമെന്‍ററിയായ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ രാജ്യത്ത് പ്രദർശിപ്പിക്കാൻ സമ്മതിക്കാത്തതടക്കമുള്ള കാര്യങ്ങളും ചൂണ്ടികാട്ടി രാഹുൽ, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.