എല്ലാ ചാനൽ സർവേകളിലും തുടർ ഭരണമെന്ന് സൂചന: കാട്ടാക്കടയ്ക്ക് മന്ത്രി ഉറപ്പെന്ന് ജനങ്ങൾ

single-img
5 April 2026

സംസ്ഥാനത്ത് പുറത്തുവരുന്ന പ്രധാനപ്പെട്ട പ്രീ-പോൾ സർവേകളെല്ലാം എൽഡിഎഫിന് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നതോടെ കാട്ടാക്കട മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥി ഐബി സതീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ ആവേശം. പത്ത് വർഷം ഭരിച്ച സർക്കാരിനെതിരെ യാതൊരുവിധ ഭരണവിരുദ്ധ വികാരവുമില്ലെന്നും സംസ്ഥാനത്ത് വീണ്ടും ഭരണത്തുടർച്ചയുണ്ടാകുമെന്നുമാണ് ഭൂരിപക്ഷം സർവ്വേകളും പവചിക്കുന്നത്. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ഇടത് സർക്കാരിൽ കാട്ടാക്കടയ്ക്ക് ഭരണ പങ്കാളിത്തം ലഭിക്കുമെന്നത് ഉറപ്പായിരിക്കുകയാണ്. ഐബി സതീഷിനെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ കാട്ടാക്കടയ്ക്ക് ഇത്തവണ ഒരു മന്ത്രിസ്ഥാനം ലഭിക്കുമെന്ന വ്യക്തമായ സൂചനയാണ് ഇടതുമുന്നണി നേതൃത്വം നൽകിയിരിക്കുന്നത്.

പ്രമുഖ വാർത്താ മാധ്യമങ്ങളും ഏജൻസികളും നടത്തിയ സർവേ ഫലങ്ങളെല്ലാം എൽഡിഎഫിനാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ 104 മുതൽ 120 സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ, കേരള ലൈവ് നടത്തിയ ന്യൂ പോൾ സർവേ 83 മുതൽ 95 സീറ്റുകൾ വരെയാണ് എൽഡിഎഫിന് നൽകുന്നത്. ബിഗ് ടിവി 80 സീറ്റുകളും, മാതൃഭൂമി 66 മുതൽ 78 സീറ്റുകളും, വോട്ട് വൈബ് 71 സീറ്റുകളും, ന്യൂസ് 18 വോട്ട് ട്രാക്കർ 70 സീറ്റുകളും, ഡൽഹി ആസ്ഥാനമാക്കിയ ഐഎഎൻഎസ്-മാട്രിസ് സർവേ 61 മുതൽ 71 സീറ്റുകൾ വരെയും പ്രവചിക്കുന്നു. ഇതിനുപുറമെ, കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോ എൽഡിഎഫിന് 80-ൽ അധികം സീറ്റുകളും സംസ്ഥാന ഇൻ്റലിജൻസ് 83 സീറ്റുകളും പ്രവചിക്കുന്നുണ്ട്. യുഡിഎഫിന് ഭൂരിപക്ഷം പ്രവചിച്ച മനോരമ സർവേയുടെ ആകെ കണക്കുകൾ പരിശോധിച്ചാൽ പോലും എൽഡിഎഫിന് 77 സീറ്റുകൾ വരെ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായി വിജയൻ്റെ ജനപ്രീതിയും സർവേകളിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. ന്യൂസ് മലയാളം നടത്തിയ സർവേയിൽ 52.8 ശതമാനം ആളുകൾ രണ്ടാം പിണറായി സർക്കാർ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ 37.8 ശതമാനം പേർ പിന്തുണച്ചു. ഇത് പ്രതിപക്ഷ നേതാവ് വിഡി സതീശനേക്കാൾ 14 ശതമാനം കൂടുതലാണ്. 16.52 ലക്ഷം പേർ പങ്കെടുത്ത റിപ്പോർട്ടർ സർവേയിലും 44.23 ശതമാനം പേർ ഭരണത്തുടർച്ചയുണ്ടാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സർവേ ഫലങ്ങൾ അനുകൂലമല്ലാത്തതിനെ തുടർന്ന് തോൽവി ഉറപ്പിച്ച പ്രതിപക്ഷ നേതാവ് സർവേ ഏജൻസികൾക്കെതിരെ കേസ് കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണെന്നും എൽഡിഎഫ് കേന്ദ്രങ്ങൾ പരിഹസിക്കുന്നു.

ഭൂരിപക്ഷം സർവ്വേകളും എൽഡിഎഫിൻ്റെ തുടർഭരണം ഉറപ്പിക്കുന്ന പശ്ചാത്തലത്തിൽ, കാട്ടാക്കട മണ്ഡലത്തിൽ ഇടത് ക്യാമ്പ് വലിയ ആവേശത്തിലാണ്. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാകുമ്പോൾ ആ സർക്കാരിൽ കാട്ടാക്കടയ്ക്ക് ഒരു മന്ത്രിയെ വേണ്ടേ എന്ന ചോദ്യമാണ് പ്രധാനമായും പ്രചാരണ രംഗത്ത് ഉയരുന്നത്. ഐബി സതീഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറുന്നതോടെ കാട്ടാക്കട മണ്ഡലത്തിന് സംസ്ഥാന മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ വോട്ടർമാരും ഇടതുമുന്നണി പ്രവർത്തകരും. ഇടതുപക്ഷത്തിന് മുൻതൂക്കം പ്രവചിക്കുന്ന സർവേ ഫലങ്ങൾ നൽകിയ ഊർജ്ജത്തിൽ അവസാന മണിക്കൂറുകളിൽ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ഇടതുമുന്നണി.