മോദി സർക്കാർ കണ്ണടച്ചിരുന്ന് ഉറങ്ങുന്നു; യുജിസി നെറ്റ് പരീക്ഷയിലും വൻ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി

single-img
8 July 2026

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് യുജിസി നെറ്റ് പരീക്ഷയിൽ വൻ ക്രമക്കേടുകൾ നടന്നതായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഔദ്യോഗികമായി ആരോപിച്ചു. കഴിഞ്ഞ ആഴ്ച നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ പരീക്ഷയ്ക്ക് തൊട്ടുമുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതായാണ് അദ്ദേഹം വ്യക്തമാക്കിയത്.

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അതീവ രഹസ്യമായ ചോദ്യപേപ്പർ നിർമ്മാണ രേഖകളാണ് ഇത്തരത്തിൽ ചോർന്നതെന്നും ഇത് ഞെട്ടിക്കുന്നതാണെന്നും രാഹുൽ ഗാന്ധി തന്റ എക്സ് പോസ്റ്റിലൂടെ വെളിപ്പെടുത്തി.പരീക്ഷയ്ക്ക് തൊട്ടുമുൻപ് പ്രചരിച്ച നൂറ് പേജുകളുള്ള ഒരു പിഡിഎഫ് രേഖയിൽ ഉണ്ടായിരുന്ന തൊണ്ണൂറോളം ചോദ്യങ്ങൾ യഥാർത്ഥ സോഷ്യോളജി പരീക്ഷയിൽ അതുപോലെ തന്നെ ചോദിച്ചതായാണ് പുതിയ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.

ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഈ ചോദ്യപേപ്പർ രണ്ട് ലക്ഷത്തിലധികം രൂപയ്ക്കാണ് വിറ്റഴിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരീക്ഷാ രംഗത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം വലിയ ക്രമക്കേടുകൾ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവി പൂർണ്ണമായി തകർക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.

നീറ്റ് പരീക്ഷാ വിവാദങ്ങൾക്ക് തൊട്ടുപിന്നാലെയാണ് രാജ്യത്ത് വീണ്ടും സമാനമായ പരീക്ഷാ തട്ടിപ്പ് വാർത്തകൾ പുറത്തുവരുന്നത്. രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ചാണ് ഇത്തരം മത്സര പരീക്ഷകൾക്കായി തയ്യാറെടുക്കുന്നത്. എന്നാൽ ഈ കഠിനാധ്വാനത്തിന് യാതൊരു വിലയും നൽകാതെ മോദി സർക്കാർ ഈ വിഷയത്തിൽ പൂർണ്ണമായി കണ്ണടച്ചിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി കടുത്ത ഭാഷയിൽ വിമർശിച്ചു.