കോണ്‍ഗ്രസ് നേതാക്കള്‍ എനിക്കെതിരെ മിസൈലുകള്‍ തൊടുത്തപ്പോള്‍ 303 റൈഫിള്‍ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് ഞാൻ ചെയ്തത്; ഗുലാം നബി ആസാദ്

single-img
9 September 2022

കോണ്‍ഗ്രസ് വിട്ട് പുതിയ പാർട്ടി പ്രഖ്യാപന പിന്നാലെ കോൺഗ്രസിലെ ദേശീയ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ മിസൈലുകള്‍ തൊടുത്തപ്പോള്‍ 303 റൈഫിള്‍ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം ഇന്ന് പറഞ്ഞു.

“അവര്‍ എനിക്ക് നേരെ മിസൈലുകള്‍ തൊടുത്തു. അപ്പോൾ 303 റൈഫിളുകള്‍ ഉപയോഗിച്ച് തിരിച്ചടിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്നിട്ടും അവര്‍ തകര്‍ന്നുപോയി. എന്നാൽ, ഞാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? അവര്‍ ഇല്ലാതായേനെ”- ജമ്മുകശ്മീരിലെ ഒരു റാലിയില്‍ സംസാരിക്കവെ ഗുലാം നബി ആസാദ് പറഞ്ഞു.

നേതാക്കൾക്കെതിരെ പൊതുവായി പറഞ്ഞെങ്കിലും ഇന്ദിരാ ഗാന്ധിക്കും രാജീവ് ഗാന്ധിക്കും എതിരെ സംസാരിക്കാന്‍ പോലും താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ 52 വര്‍ഷങ്ങളായി കോണ്‍ഗ്രസ് അംഗമായിരുന്നു. രാജീവ് ഗാന്ധി തനിക്ക് ഒരു സഹോദരനെ പോലെയും ഇന്ദിരാ ഗാന്ധി തന്റെ അമ്മയെ പോലെയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.