വെള്ളാപ്പള്ളി നടേശന്‍ യുഡിഎഫിന്റെ ഐശ്വര്യം: പിഎംഎ സലാം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പരാമർശങ്ങൾ ന്യൂനപക്ഷ ഏകീകരണത്തിനല്ല, മറിച്ച് സർക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ “ജനപക്ഷ” മുന്നേറ്റത്തിനാണ് കാരണമായതെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം.
“ജനപക്ഷ ഏകീകരണം” എന്ന നിലയിലായാണ് ഇത്തവണത്തെ രാഷ്ട്രീയ മാറ്റം ഉണ്ടായതെന്നും, ന്യൂനപക്ഷമോ ഭൂരിപക്ഷമോ എന്ന തരത്തിലുള്ള ധ്രുവീകരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്തെയും മുസ്ലിം ലീഗിനെയും ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരാമർശങ്ങൾ ഗുരുതരമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്നും സലാം ആരോപിച്ചു. സിപിഎമ്മും വെള്ളാപ്പള്ളി നടേശനും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും, കേസുകളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിനായി ജില്ലകളെയും സമുദായങ്ങളെയും ലക്ഷ്യമിടുന്ന രാഷ്ട്രീയ തന്ത്രമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
മുഖ്യമന്ത്രി വിദേശത്തും ഡൽഹിയിലും നടത്തിയ അഭിമുഖങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ഒരു ജില്ലയെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചതായും അദ്ദേഹം ആരോപിച്ചു. കേസുകളിൽ പ്രതിയായ ഒരു സാമുദായിക നേതാവിനെ സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും, അതിന്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും സലാം പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾ യു.ഡി.എഫിന് ഗുണകരമായതാണെന്നും വെള്ളാപ്പള്ളി യുഡിഎഫിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “അദ്ദേഹത്തിന്റെ പ്രസ്താവനകളാണ് മലപ്പുറത്ത് മുഴുവൻ സീറ്റുകളും യുഡിഎഫിന് നേടാൻ സഹായിച്ചത്. സംസ്ഥാനത്തുടനീളം വലിയ രാഷ്ട്രീയ മുന്നേറ്റത്തിനും അത് വഴിയൊരുക്കി,” എന്നും പി.എം.എ സലാം വ്യക്തമാക്കി.


