ആം ആദ്മി പാർട്ടിക്ക് കോടികൾ കൈക്കൂലിയായി നൽകിയെന്ന് സുകാഷ് ചന്ദ്രശേഖർ

single-img
1 November 2022

അരവിന്ദ് കേജ്‌രിവാളിന്റെ സുരക്ഷയ്ക്കായി മന്ത്രി സത്യേന്ദർ ജെയിന് 10 കോടി രൂപ ഉൾപ്പെടെ കോടികൾ കൈക്കൂലിയായി നൽകിയെന്ന് സുകാഷ് ചന്ദ്രശേഖർ. ഡൽഹി ലെഫ്.ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്കു സുകാഷ് നൽകിയ കത്തിലാണ് ആം ആദ്മി പാർട്ടിക്കെതിരെയുള്ള ആരോപണങ്ങൾ ഉള്ളത്. ജയിലിൽ വച്ച് തന്നെ കഠിനമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും സുരക്ഷയ്ക്കായി സത്യേന്ദർ ജെയിന് പണം നൽകിയെന്നുമാണ് സുകാഷ് ലഫ്.ഗവർണർക്ക് അയച്ച കത്തിൽ പറഞ്ഞത്. ഉന്നത വ്യക്തികളിൽനിന്നു പണം തട്ടിയ കേസിൽ 2017 മുതൽ സുകാഷ് ചന്ദ്രശേഖർ ജയിലിലാണ്.

എന്നാൽ ഇതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളാണ് എന്നാണു കേജ്‌രിവാൾ പരാതികയ്ച്ചത്. മോർബിയിൽനിന്നു ശ്രദ്ധ തിരിക്കാനാണ് അവർ ശ്രമിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അവർ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് അവർക്ക് ഒന്നും ചെയ്യേണ്ടിവന്നില്ല. ബിജെപിയും കോൺഗ്രസും ഒത്തുചേർന്ന് പ്രവർത്തിച്ചു. ഇത്തവണ ആം ആദ്മി പാർട്ടി കാരണം അവർ ബുദ്ധിമുട്ടുകയാണ്. സത്യേന്ദർ ജെയിനിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ ഒരു തട്ടിപ്പുകാരനെ ഉപയോഗിച്ച അവർ നിരാശരാണ്.’’– കേജ്‌രിവാൾ പറഞ്ഞു

അതേസമയം സുകാഷ് ചന്ദ്രശേഖറിന്റെ ആരോപണം ഏറ്റെടുത്ത ബിജെപി, എഎപി ‘തട്ടിപ്പ് പാർട്ടി’ ആണെന്ന് ആരോപിച്ചു. സുകാഷ് ചന്ദ്രശേഖർ ആം ആദ്മി പാർട്ടിക്ക് 60 കോടി രൂപ നൽകിയെന്നും രാജ്യസഭാംഗമായി നാമനിർദേശം ചെയ്യുന്നതിന് മാത്രം 50 കോടി രൂപ നൽകിയെന്നും ബിജെപി ആരോപണം ഉന്നയിച്ചു.