പിവി അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോ: കെസി വേണുഗോപാൽ

single-img
23 April 2024

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള എംഎൽഎ പി.വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവർ അപമാനിച്ചതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ഇത്ര മ്ലേച്ചമായി സംസാരിക്കാൻ ഒരു എംഎൽഎക്ക് എങ്ങനെ കഴിയുന്നു? രാഹുൽ ഗാന്ധിയെ നിന്ദിക്കുന്നത് തുടങ്ങി വെച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോയെന്നും വേണുഗോപാൽ ചോദിച്ചു.

എടത്തനാട്ടുകര ഇടതുമുന്നണി ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമായിരുന്നു അൻവറിന്റെ പരാമർശം.