സൗദിയെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം; ഹോർമുസിലും പ്രതിസന്ധി തുടരുന്നു

പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണമാകുന്നു. സൗദി തലസ്ഥാനമായ റിയാദിനെയും ഖമീസ് മുഷൈത്തിനെയും ലക്ഷ്യമിട്ട് ഹൂതികൾ അയച്ച ഡ്രോണുകളും മിസൈലുകളും സൗദി സേന തടഞ്ഞതായി റിപ്പോർട്ട്. ആക്രമണത്തിന് പിന്നാലെ സൗദി, തുർക്കി, പാക്കിസ്ഥാൻ സൈനിക മേധാവികൾ റിയാദിൽ യോഗം ചേർന്ന് സുരക്ഷാ സാഹചര്യം വിലയിരുത്തി.
അതിനിടെ, ഹോർമുസ് കടലിടുക്ക് ഏഴ് ദിവസത്തിനകം തുറക്കാമെന്ന ഇറാന്റെ നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതായി വ്യക്തമാക്കി. അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കൽ, ഇറാന്റെ എണ്ണവിൽപ്പനയ്ക്കുള്ള ഉപരോധത്തിൽ ഇളവ്, വെടിനിർത്തൽ തുടങ്ങിയ വ്യവസ്ഥകളാണ് ഇറാൻ മുന്നോട്ടുവച്ചത്.
ഖത്തറിന്റെ മധ്യസ്ഥതയിലൂടെയാണ് നിർദേശം അമേരിക്കയിലെത്തിയത്. എന്നാൽ ട്രംപ് ഇത് തള്ളിയതോടെ അമേരിക്ക–ഇറാൻ ചർച്ചകളും ഹോർമുസ് പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും വീണ്ടും അനിശ്ചിതത്വത്തിലായി. ഇതിനിടെ ഇറാൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ അമേരിക്കൻ ഉപരോധത്തിൽ ഇളവ് നൽകണമെന്ന് ഇറാഖും ആവശ്യപ്പെട്ടു.


