സൗദി വിമാനത്താവളങ്ങൾക്കുനേരെ ഹൂതി ആക്രമണം; അപലപിച്ച് ഇന്ത്യ, പൂർണ പിന്തുണ പ്രഖ്യാപിച്ചു

single-img
8 October 2026

സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ഇന്ത്യ. അബ്ഹ, റിയാദ് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇന്ത്യ അനുശോചനം രേഖപ്പെടുത്തുകയും സൗദിക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഇന്ത്യയുണ്ടെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെ തുടർന്ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചതായാണ് റിപ്പോർട്ട്. അതേസമയം, സൗദി വ്യോമാതിർത്തിയിൽ വിമാന സർവീസുകൾ നടത്തുന്ന ആഗോള വിമാനക്കമ്പനികൾക്ക് ഹൂതി സൈനിക വക്താവ് യഹ്യ സരി മുന്നറിയിപ്പ് നൽകി. മക്ക, മദീന എന്നിവിടങ്ങളിലെ പുണ്യസ്ഥലങ്ങൾക്ക് മുകളിലൂടെയല്ലാതെ സൗദി വ്യോമാതിർത്തിയിൽ സർവീസ് നടത്തിയാൽ ‘പ്രത്യാഘാതങ്ങൾ’ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

ഇറാൻ പിന്തുണയുള്ള ഹൂതികളും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായത്. സൗദി നഗരങ്ങൾ, ഊർജ അടിസ്ഥാന സൗകര്യങ്ങൾ, കപ്പൽ ഗതാഗതം എന്നിവ ഹൂതികൾ ലക്ഷ്യമിടുന്നതിനിടെ സൗദി പിന്തുണയുള്ള യെമൻ സർക്കാർ സേനയും ഹൂതികൾക്കെതിരെ പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്.