അറുപത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തീപിടുത്തം; ഹോങ്കോങ്ങിൽ കൊല്ലപ്പെട്ടത് 146 പേർ

ഹോങ്കോങ്ങിലെ ഒരു ബഹുനില കെട്ടിടത്തിൽ ഉണ്ടായത് കഴിഞ്ഞ അറുപത് വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ തീപിടിത്തമായിരുന്നു. തായ് പോ ജില്ലയിലെ വാങ് ഫുക് കോർട്ട് ഹൗസിങ് കോംപ്ലക്സിലുണ്ടായ ഈ ദുരന്തത്തിൽ 146 പേർ മരിച്ചു. 150-ലധികം പേർ ഇപ്പോഴും കാണാതാണ്. കണ്ടെത്തിയവരിൽ 79 പേർ ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിൽ തുടരുന്നു. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളിൽ 89 എണ്ണം തിരിച്ചറിയാനായിട്ടില്ല.
42 വർഷം പഴക്കമുള്ള ഈ കെട്ടിടത്തിൽ ഏകദേശം 2,000 ഫ്ലാറ്റുകളിലായി 4,800-ഓളം ആളുകളാണ് താമസിച്ചിരുന്നത്. ഹോങ്കോങ്ങിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീപിടിത്തമാണ് ഇത്.
തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമല്ല. അന്വേഷണമാണ് പുരോഗമിക്കുന്നത്. എന്നാൽ തീ അതിവേഗം പടർന്നുപിടിക്കാൻ കാരണമായ ഘടകങ്ങൾ അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. കെട്ടിട നവീകരണത്തിനായി സ്ഥാപിച്ച മുളകൊണ്ടുള്ള ചട്ടക്കൂടുകളും, അതിനൊപ്പം ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് വലകളും ജനലുകൾ മൂടാൻ ഉപയോഗിച്ച തുണികളും തീ പടരാൻ വലിയ രീതിയിൽ കാരണമായി.
നിർമാണ കമ്പനിയുടെ അശ്രദ്ധയാണ് ദുരന്തത്തിന് പിന്നിൽ എന്നതാണ് പ്രാഥമിക വിലയിരുത്തൽ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വസ്തുക്കൾ ഉപയോഗിച്ചതിനും തീ വേഗത്തിൽ പടരാൻ ഇടയാക്കിയതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തീപിടിത്തത്തിന് തൊട്ടുമുമ്പ് തൊഴിലാളികൾ കെട്ടിടത്തിന് പുറത്ത് പുകവലിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇതും അന്വേഷണത്തിന്റെ ഭാഗമാണ്. ഫയർ അലാറങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചില്ലെന്ന് എട്ട് ബ്ലോക്കുകളിലെ പരിശോധനയിൽ കണ്ടെത്തിയതോടെ ഇത് ഒരു മനുഷ്യ നിർമിത ദുരന്തം ആയിരുന്നുവെന്ന വിലയിരുത്തൽ ശക്തമായി.


