ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന്‍ എംപി


ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡന്‍ എംപി. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ സഹായം അനിവാര്യമെന്നും ഹൈബി ഈഡന്‍ എംപി നോട്ടീസില്‍ വ്യക്തമാക്കുന്നു.
12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിച്ചെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചത്. ബ്രഹ്‌മപുരത്തെ തീയണച്ചതിനെ തുടര്‍ന്ന് ഭാവിയില്‍ ബ്രഹ്‌മപുരത്ത് തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പദ്ധതികള്‍ അവലോകനം ചെയ്യാന്‍ കളക്ടര്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. ഫയര്‍ ആന്റ് റെസ്‌ക്യൂ, റവന്യൂ, നേവി, എയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, ഹോംഗാര്‍ഡ്, കോര്‍പ്പറേഷന്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എല്‍എന്‍ജി ടെര്‍മിനല്‍, ബിപിസിഎല്‍, ആരോഗ്യം, എക്സകവേറ്റര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങി എല്ലാവരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമായാണ് തീയണയ്ക്കാനായത്. സ്‌മോള്‍ഡറിംഗ് ഫയര്‍ ആയതു കൊണ്ട് ചെറിയ തീപിടിത്തങ്ങള്‍ വരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത 48 മണിക്കൂര്‍ വരെ നിതാന്ത ജാഗ്രത തുടരും. ചെറിയ തീപിടിത്തമുണ്ടായാലും അണയ്ക്കുന്നതിന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ ക്യാംപ് ചെയ്യുന്നുണ്ട്.
അതേ സമയം, ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ ഭാഗമായുണ്ടായ വിഷപ്പുക ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ ആരോഗ്യ സര്‍വേ തുടങ്ങി. 202 ആശാ പ്രവര്‍ത്തകരാണ് പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളിലെ വീടുകളും ഫ്ലാറ്റുകളിലുമെത്തി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തുന്നത്.