ദേശീയഗാനത്തിന് തുല്യമായ പ്രാധാന്യമാണ് വന്ദേമാതരത്തിനും നൽകേണ്ടത്: തമിഴ്‌നാട് ഗവർണർ

ദേശീയഗാനത്തിന് തുല്യമായ പ്രാധാന്യമാണ് വന്ദേമാതരത്തിനും നൽകേണ്ടതെന്ന് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി. ഭാരതം എന്നത് വെറുമൊരു ഭൂമിശാസ്ത്രപരമായ അസ്തിത്വം മാത്രമല്ലെന്നും മറിച്ച് അത് ഓരോ ഭാരതീയന്റെയും അമ്മയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയ ചിഹ്നങ്ങളെയും ഭാഷയെയും ചൊല്ലി തമിഴ്‌നാട്ടിൽ രാഷ്ട്രീയ ചർച്ചകൾ കൊഴുക്കുന്നതിനിടെയാണ് ഗവർണറുടെ ഈ ശ്രദ്ധേയമായ പരാമർശം.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഭാരതത്തെ ഒരു മാതാവായി കാണുന്ന സങ്കല്പം നിർഭാഗ്യവശാൽ അവഗണിക്കപ്പെട്ടുവെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. വന്ദേമാതരം എന്ന ഗാനം നമ്മുടെ സാംസ്‌കാരിക ബോധത്തിൽ കൂടുതൽ അംഗീകാരം നേടേണ്ടതുണ്ട്. ദേശീയഗാനത്തോടൊപ്പം തന്നെ ആദരിക്കപ്പെടേണ്ട ഈ ഗാനം വേണ്ടത്ര ഗൗരവത്തോടെ ആലപിക്കപ്പെടുന്നില്ല എന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്കിടയിൽ വന്ദേമാതരത്തിന് ഇപ്പോഴും വലിയ പ്രചാരമുണ്ടെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ പല സ്കൂളുകളിലും കോളേജുകളിലും വന്ദേമാതരത്തെ അടിസ്ഥാനമാക്കി മത്സരങ്ങൾ നടക്കുന്നുണ്ട്. സാംസ്‌കാരികമായും വൈകാരികമായും ഈ ഗാനം ജനഹൃദയങ്ങളിൽ ഇപ്പോഴും വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.


