വിഴിഞ്ഞം തുറമുഖം: 2016ന് ശേഷം എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു: മുഖ്യമന്ത്രി

single-img
24 January 2026

അന്താരാഷ്ട്ര ഭൂപടത്തിൽ ഏറ്റവും നിർണായകമായ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണ് ഇതിലൂടെ ആരംഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പതിറ്റാണ്ടുകളായുള്ള നാടിന്റെ സ്വപ്നമായിരുന്ന വിഴിഞ്ഞം പദ്ധതി നിരവധി തടസ്സങ്ങൾ മറികടന്നാണ് യാഥാർത്ഥ്യമായത്. 2016ന് ശേഷം എൽഡിഎഫ് സർക്കാർ പദ്ധതി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതായും, വികസനത്തിന് അദാനി ഗ്രൂപ്പിന്റെ പിന്തുണ ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഒന്നാംഘട്ടം പൂർത്തിയായതോടെ തന്നെ വിഴിഞ്ഞം കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലായി മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിൽ അവസരങ്ങൾ വർധിപ്പിക്കാനും പ്രാദേശിക വികസനത്തിനും തുറമുഖം സഹായകമായി. ചരക്ക് നീക്ക രംഗത്ത് കേരളം രാജ്യത്ത് ശക്തമായ സാന്നിധ്യമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യമായി വനിതകളെ ഓട്ടോമാറ്റിക് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതും, ക്രൂയിസ് കപ്പലുകൾക്ക് വിഴിഞ്ഞം തുറമുഖം വഴിയൊരുക്കുന്നതും കേരളത്തിന്റെ അഭിമാന നേട്ടങ്ങളാണെന്നും, ഇത് ടൂറിസം മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.