ആളുകള്‍ പെട്ടെന്ന് എന്‍റെ മരണത്തെ കുറിച്ച് സംസാരിക്കുന്നത് ഞെട്ടിച്ചു; തന്റെ വ്യാജ മരണവാർത്തയ്‌ക്കെതിരെ ഹീത്ത് സ്ട്രീക്ക്

single-img
23 August 2023

സിംബാബ്‌വെ വെറ്ററൻ താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചുവെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഫോക്സ് ഫോക്സ് ഉള്‍പ്പടെയുള്ള അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യുകയായിരുന്നു. അർബുദബാധയെ തുടർന്ന് ഹീത്ത് സ്ട്രീക്ക് അന്തരിച്ചതായി ആദ്യം ട്വീറ്റ് ചെയ്ത സിംബാബ്‌വെ മുന്‍ സഹതാരം ഹെന്‍‌റി ഒലോങ്ക വാർത്ത തിരുത്തി പിന്നാലെ രംഗത്തുവന്നത് നാടകീയമായി.

അതേസമയം, ഇപ്പോൾ എല്ലാ അഭ്യൂഹങ്ങളും അവസാനിപ്പിച്ച് ക്രിക്കറ്റ് ലോകത്തിന് ആശ്വാസം നല്‍കുന്ന വിവരങ്ങളുമായി ഹീത്ത് സ്ട്രീക്ക് നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ‘ ഇതുപോലെയുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകള്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണം. ഞാന്‍ അർബുദത്തില്‍ നിന്ന് തിരിച്ചുവരുന്നു, ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു.

ഞാൻ ഇപ്പോൾ വീട്ടിലാണ്. ചികില്‍സയുടെ ചെറിയ ബുദ്ധിമുട്ടുകളുണ്ട്. അത് മാറ്റിനിർത്തിയാല്‍ സുഖമായിരിക്കുന്നു. ആളുകള്‍ പെട്ടെന്ന് എന്‍റെ മരണത്തെ കുറിച്ച് സംസാരിക്കുന്നത് ഞെട്ടിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് മരണവിവരം പ്രചരിച്ചത്. പക്ഷെ അത് വാസ്തവമല്ല’ എന്നുമാണ് സ്പോർട്സ് സ്റ്റാറിനോട് ഹീത്ത് സ്ട്രീക്കിന്‍റെ വാക്കുകള്‍.