ഗ്യാനേഷ് കുമാറിന്റെ രാജി ; പ്രതിപക്ഷം രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ സഖ്യം ഡൽഹിയിൽ നടത്തുന്ന പ്രതിഷേധം നാലാം ദിവസത്തിലേക്ക്. ഇന്ന് പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം പാർലമെന്റ് സെൻട്രൽ ഹാളിൽ എത്തിച്ചേരാൻ എല്ലാ എംപിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് മാർച്ച് നടത്താൻ പ്രതിപക്ഷം തീരുമാനിച്ചത്. ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ ഉൾപ്പെടുത്തിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറുകയാണ് ലക്ഷ്യം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചാൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രാഷ്ട്രപതിയെ കാണും. അനുമതി ലഭിച്ചില്ലെങ്കിൽ വൈകിട്ട് മൂന്നോടെ പാർലമെന്റ് സെൻട്രൽ ഹാളിൽനിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ആരംഭിക്കും.
പ്രതിഷേധത്തിന്റെ ആദ്യദിവസം തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്കാണ് പ്രതിപക്ഷം മാർച്ച് നടത്തിയത്. ഒക്ടോബർ ഏഴിന് ജന്തർ മന്തറിലും പ്രതിഷേധിച്ചു. മൂന്നാം ദിവസമായ ഒക്ടോബർ എട്ടിന് രാജ്ഘട്ടിലെത്തിയ പ്രതിപക്ഷ നേതാക്കൾ പ്രാർഥനയും സമാധാന ധർണയും നടത്തി.
തുടർച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന മേഖലകളിൽ കേന്ദ്രസേന നിരീക്ഷണം ശക്തമാക്കി. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും ഇന്നത്തെ മാർച്ചിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, കോക്രോച്ച് ജനതാ പാർട്ടിയും ഒക്ടോബർ 10ന് ഡൽഹിയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ സമരത്തിന് പൊലീസിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. മറ്റ് നഗരങ്ങളിൽ പ്രതിഷേധങ്ങൾക്ക് അനുമതി നൽകിയിട്ടും ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിക്കുന്നതെന്തുകൊണ്ടാണെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ചോദിച്ചു.


