കേന്ദ്രസർക്കാർ ശബരിമലയ്ക്ക് അനുവദിച്ച ഫണ്ട് സംസ്ഥാനം പാഴാക്കുന്നത് പ്രതിഷേധാര്‍ഹം: കെസുരേന്ദ്രന്‍

single-img
29 November 2022

കേന്ദ്ര സര്‍ക്കാർ പദ്ധതിയായ ‘സ്വദേശി ദര്‍ശന്‍’ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉൾപ്പെടുത്തി കേരളത്തിൽ ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപയില്‍ 80 കോടിയും സംസ്ഥാനം പാഴാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍.

കേരളാ സര്‍ക്കാരിന് ഒരു രൂപ ചിലവില്ലാത്ത പദ്ധതി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഗൗരവതരമാണെന്നും ഇതുവരെ 20 കോടിയുടെ പദ്ധതിക്ക് മാത്രമാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി അനുമതി വാങ്ങിയത്. പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെ, അനുമതി വാങ്ങി നിര്‍മാണം തുടങ്ങിയ പദ്ധതികളും പൂര്‍ത്തിയാക്കിയിട്ടില്ല. ഇത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

ശബരിമലയുടെ വികസനത്തിനായി നരേന്ദ്രമോദിനയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് അനുവദിച്ചിട്ടുള്ളത്. 2015 ഡിസംബറിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചത്. പിന്നീടുള്ള 36 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥയില്‍ ആദ്യഗഡുവായി 20 കോടി രൂപ നല്‍കുകയും ചെയ്തു. പക്ഷെ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാതെ അയ്യപ്പ ഭക്തന്‍മാരെ ചതിക്കുകയായിരുന്നു വെന്നും സുരേന്ദ്രൻ ആരോപിച്ചു..

പമ്പയിലെ സ്‌നാനഘട്ടം നവീകരണം നടത്തിയതും നീലിമല പാത കരിങ്കല്ല് പാകുന്നതും നരേന്ദ്രമോദി സര്‍ക്കാരിന്റെ ‘സ്വദേശി ദര്‍ശന്‍’ ഫണ്ട് ഉപയോഗിച്ചിട്ടാണ്. സന്നിധാനത്തും പമ്പയിലും അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ പോലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരാവട്ടെ കേന്ദ്ര പദ്ധതികള്‍ പാഴാക്കുകയും ചെയ്യുകയാണെന്ന് കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.