സൗദിയിൽ 125 കിലോമീറ്ററിൽ സ്വർണ്ണ നിക്ഷേപം

single-img
30 December 2023

സൗദിയിൽ ഗവേഷകർ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി. മക്കയ്ക്ക് സമീപമുള്ള മേഖലയിൽ നിലവിലുള്ള മൻസൂറ, മസാറ സ്വർണ ഖനികളോട് ചേർന്നാണ് സുപ്രധാന നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതെന്ന് സൗദി മൈനിങ് കമ്പനി (മആദിൻ) അറിയിച്ചു. 2022 ൽ ആരംഭിച്ച കമ്പനിയുടെ തീവ്രമായ പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിത്. മൻസൂറക്കും മസാറക്കും ചുറ്റും കമ്പനിയുടെ പര്യവേക്ഷണം തുടരുകയാണ്.

അൽഉറുഖിന് തെക്ക് ഒന്നിലധികം സ്ഥലങ്ങളിലും മൻസൂറ, മസാറ ഖനികൾക്ക് തെക്ക് 100 കിലോമീറ്റർ നീളത്തിലും കമ്പനി പര്യവേക്ഷണം നടത്തി. ഇവിടെ ഏകദേശം 125 കിലോമീറ്റർ നീളത്തിൽ നിക്ഷേപമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സൗദി അറേബ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രധാന സ്വർണ വലയമായി പ്രദേശം മാറുമെന്ന വലിയ പ്രതീക്ഷയുണ്ട്. വിഭവങ്ങൾ ആഴത്തിലും പരപ്പിലും ലഭ്യമാണ്. ഇത് ഖനിയിലെ സമ്പത്തിെൻറ സമൃദ്ധിയെ സൂചിപ്പിക്കുന്നു. ഭൂഗർഭ വികസനത്തിലൂടെ ഖനിയുടെ ആയുസ്സ് നീട്ടാനാകുമെന്നും കമ്പനി പറഞ്ഞു.

ഈ വർഷം അവസാനത്തോടെ മൻസൂറയിലെയും മസാറയിലെയും സ്വർണ വിഭവങ്ങളുടെ അളവ് ഏകദേശം 70 ലക്ഷം ഔൺസ് ആണ്. പ്രതിവർഷം രണ്ടര ലക്ഷം ഔൺസ് ആണ് ഉത്പാദന ശേഷി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വർണ ഖനന പദ്ധതികളിൽ ഒന്നാണിത്. 2022-ലാണ് മആദിൻ കമ്പനി ശക്തമായ പര്യവേക്ഷണ പരിപാടി ആരംഭിച്ചത്. അതിെൻറ ആദ്യത്തെ പ്രധാന കണ്ടെത്തലുകളാണ് ഈ ഫലങ്ങൾ. ഒരു ധാതു ഉൽപാദന പാത നിർമിക്കുക, സൗദി അറേബ്യയുടെ വിഭവ അടിത്തറ വികസിപ്പിക്കുക, ഖനനത്തെ സൗദി സമ്പദ്‌ വ്യവസ്ഥയുടെ മൂന്നാം തൂണായി മാറ്റാനുള്ള കമ്പനിയുടെ അഭിലാഷത്തെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലുടെ മആദിൻ കമ്പനി ലക്ഷ്യമിടുന്നത്.

സൗദി അറേബ്യൻ മൈനിങ് കമ്പനിയുടെ ഖനികളായ മൻസൂറ, മസാറ സൗദിയുടെ പടിഞ്ഞാറ് ജിദ്ദ നഗരത്തിന് 460 കിലോമീറ്റർ കിഴക്ക് മക്ക മേഖലയിലെ അൽഖുർമ ഗവർണറേറ്റ് ഭൂപരിധിയിലാണ് സ്ഥിതിചെയ്യുന്നത്.