പ്രാര്‍ത്ഥിച്ചിട്ടും ദൈവം ഒന്നും തന്നില്ല; പിണങ്ങി ക്ഷേത്രത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് യുവാവ്

single-img
10 November 2023

എല്ലാ ദിവസവും പ്രാര്‍ത്ഥിച്ചിട്ടും ദൈവം തന്നോട് കനിഞ്ഞില്ലെന്നാരോപിച്ച് ക്ഷേത്രത്തിനു നേരെ യുവാവിന്റെ ആക്രമണം. തമിഴ്‌നാട്ടിൽ ചെന്നൈ നഗരത്തിലെ പാരിസ് കോര്‍ണര്‍ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം.

പ്രദേശത്തെ ചരിത്ര പ്രസിദ്ധമായ ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രത്തിന് നേരെ മൊളോടോവ് കോക്ടെയില്‍ (പെട്രോള്‍ ബോംബ്) എറിയുകയായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ പിടികിട്ടാപ്പുള്ളിയായ മുരളീകൃഷ്ണനെ (38) പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന പ്രതി കൈയില്‍ പെട്രോള്‍ ബോംബുമായി ക്ഷേത്രത്തിനു മുന്നില്‍ എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇതുവരെ തന്റെ ജീവിതത്തില്‍ നല്ലതൊന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ് ഇയാള്‍ ദൈവത്തെ ശപിക്കുകയും ക്ഷേത്രത്തിനുള്ളില്‍ പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. വാസന നാല് വര്‍ഷമായി താന്‍ ഈ ദൈവത്തെ ആരാധിക്കുന്നുണ്ടെന്നും എന്നാല്‍ ദൈവം തനിക്ക് ഒന്നും നല്‍കിയില്ലെന്നും മുരളീകൃഷ്ണന്‍ പോലീസിനോട് പറഞ്ഞു.

അതേസമയം, തമിഴ്നാട് ബിജെപി അധ്യക്ഷനായ കെ അണ്ണാമലൈ വിഷയം ഏറ്റെടുത്ത് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് ആരോപിച്ചു. ചെന്നൈയിലെ രാജ്ഭവനു നേരെ അടുത്തിടെയുണ്ടായ പെട്രോള്‍ ബോംബാക്രമണത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്ന് ബിജെപി നേതാവ് പറഞ്ഞു.