ഗുരുതര മുറിവുകളുമായി റോഡില്‍ സഹായം ചോദിച്ച്‌ പെണ്‍കുട്ടി, വീഡിയോ എടുത്ത് രസിച്ച്‌ ആള്‍ക്കൂട്ടം

single-img
25 October 2022

ഗുരുതര മുറിവുകളുമായി റോഡില്‍ സഹായം ചോദിച്ച്‌ പെണ്‍കുട്ടി, വീഡിയോ എടുത്ത് രസിച്ച്‌ ആള്‍ക്കൂട്ടം.

ഉത്തര്‍പ്രദേശിലാണ് ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന സംഭവമുണ്ടായത്. വീട്ടില്‍ നിന്ന് കാണാതായി മണിക്കൂറുകള്‍ക്ക് ശേഷമാണ് പതിമൂന്നുകാരിയെ റോഡരികില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. കുട്ടിയുടെ തലയ്ക്കും കൈകള്‍ക്കും പരിക്കുണ്ടായിരുന്നു.

മുറിവുകളില്‍ നിന്ന് രക്തംവാര്‍ന്ന പെണ്‍കുട്ടി, നാട്ടുകാരോട് സഹായം ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആരുംതന്നെ അവളെ സഹായിക്കാന്‍ തയ്യാറായില്ല. പകരം, കൂടിനിന്ന് വീഡിയോ പകര്‍ത്തുകയും ചെയ്തു. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

മണിക്കൂറുകള്‍ക്ക് ശേഷം പൊലീസ് എത്തിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയെയും കൊണ്ട് ഓട്ടോറിക്ഷയിലേക്ക് ഓടുന്ന ഒരു സിവില്‍ പൊലീസ് ഓഫീസറുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്നത് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.