കാശ്മീരിന്റെ പുത്രനാണ് ഗുലാം നബി ആസാദ്: കെസി വേണുഗോപാൽ

single-img
31 August 2022

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് മറുപടിയുമായി എഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ.

കാശ്മീരിന്റെ പുത്രനാണ് ഗുലാം നബി ആസാദെന്ന് പറഞ്ഞ വേണുഗോപാല്‍, ജമ്മു കാശ്മീരിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന്‌ പറയുന്ന ഗുലാം നബി ആസാദിന്റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ല എന്നും പറഞ്ഞു.

ഗുലാം നബി ആസാദ് രാജിവെച്ചതായി അറിയിച്ച കത്തിൽ രണ്ട് പേജിൽ പറയുന്നത് അദ്ദേഹം കോൺഗ്രസിൽ വഹിച്ച പദവികളെക്കുറിച്ചാണ്. ഇത്രയധികം പദവികൾ വഹിച്ചൊരാൾ പുതുതലമുറയ്ക്ക് വേണ്ടി മാറിക്കൊടുക്കുന്നതിൽ എന്തിനാണ് വിമുഖത കാണിക്കുന്നതെന്നും കെ സ് വേണുഗോപാല്‍ ചോദിക്കുന്നു.

അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിൽ നിന്നാരും മത്സരിക്കില്ലെന്ന് വ്യക്തമായതോടെ ആരാകും പാർട്ടി തലപ്പത്തേക്ക് എത്തുക എന്നതിൽ ആകാംക്ഷയിലാണ് പ്രവർത്തകർ. പാർട്ടിയുടെ അധ്യക്ഷ പദത്തിലേക്ക് രാഹുലോ സോണിയയോ പ്രിയങ്ക ഗാന്ധിയോ നാമനിർദേശ പത്രിക നല്‍കില്ലെന്ന് എഐസിസി വൃത്തങ്ങള്‍ ഇന്ന് വ്യക്തമാക്കിയിരുന്നു.