ഖത്തറിനെ വെറുക്കുന്നതിനു പിന്നിൽ യൂറോപ്പിന്റെ കാപട്യവും വംശീയതയും: ഫിഫ പ്രസിഡന്റ്

single-img
19 November 2022

ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ നടത്തുന്നതിനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ രംഗത്ത്. ഖത്തർ ലോകകപ്പിനെ വിമർശിക്കുന്നതിനു കാരണം യൂറോപ്പിന്റെ കാപട്യം, വംശീയതയും ആണ് എന്ന് അദ്ദേഹം ആരോപിച്ചു. ഇത് ആദ്യമായിട്ടാണ് ഇത്ര രൂക്ഷമായ പ്രതികരണം ഫിഫ പ്രസിഡന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

57 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിൽ, പാശ്ചാത്യ രാജ്യങ്ങൾക്കു ഖത്തറിനെ അവരുടെ പഴയതും നിലവിലുള്ളതുമായ പെരുമാറ്റം വെച്ച് ധാർമ്മിക പാഠങ്ങൾ പഠിപ്പിക്കാൻ അവകാശം ഇല്ല എന്ന് ഇൻഫാന്റിനോ ആരോപിച്ചു

ടൂർണമെന്റിനെക്കുറിച്ചുള്ള ലോക മാധ്യമങ്ങളുടെ കവറേജിനെ വിമർശിച്ചുകൊണ്ട് ഒരു നീണ്ട പ്രസംഗത്തിൽ കുടിയേറ്റ അവകാശങ്ങളെക്കുറിച്ചുള്ള യൂറോപ്പിന്റെ സ്വന്തം റെക്കോർഡിലേക്കും അദ്ദേഹം വിരൽ ചൂണ്ടി. കൂടാതെ യൂറോപ്പ് കഴിഞ്ഞ “കാലങ്ങളിലെ ചെയ്തികൾക്ക് ക്ഷമാപണം നടത്തുന്നത് പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ സ്വവർഗ്ഗാനുരാഗികൾ പീഡനത്തിനും തടവിനും സാധ്യതയുള്ള ഒരു രാജ്യത്ത് LGBTQ+ ആരാധകർ അപകടത്തെ അഭിമുഖീകരിക്കുന്നുണ്ടോ എന്ന ആശങ്കയും ഇൻഫാന്റിനോ നിരസിച്ചു. മാത്രമല്ല ഒരു രാജ്യമെന്ന നിലയിൽ സ്വിറ്റ്‌സർലൻഡ് നിരവധി വിഷയങ്ങളിൽ പുരോഗതി നേടിയതുപോലെ ഖത്തറിനും കഴിയുമെന്ന് 52 ​​കാരനായ അദ്ദേഹം അവകാശപ്പെട്ടു. തൊഴിലാളികളെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന കഫാല സമ്പ്രദായം ഒഴിവാക്കി, മിനിമം വേതനവും ചൂട് സംരക്ഷണവും ഏർപ്പെടുത്തി കുടിയേറ്റ തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിൽ ഫിഫ ഒരു വഴികാട്ടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

രണ്ടാഴ്ച മുമ്പ്, ഖത്തറിനെതീരെ ഉയർന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടയിൽ ടൂർണമെന്റിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ഒഴിവാക്കാൻ മത്സരിക്കുന്ന രാജ്യങ്ങളോട് അദ്ദേഹം കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 57 മിനിറ്റ് നീണ്ടു നിൽക്കുന്ന പ്രസംഗത്തിൽ രൂക്ഷ വിമർശനം നടത്തിയത്.