ലൈംഗിക ശേഷി പരിശോധനയില്‍ മൂന്ന് തവണ പരാജയപ്പെട്ടു;മോഡലിനെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഫോട്ടോഗ്രാഫര്‍ക്ക് ജാമ്യം

single-img
18 March 2023

മോഡലിനെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഫോട്ടോഗ്രാഫര്‍ക്ക് ജാമ്യം ലഭിച്ചു. കേസിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ 55കാരനായ ഫോട്ടോഗ്രാഫര്‍ക്ക് ലൈംഗിക ശേഷിക്കുറവ് കണ്ടെത്തയതിനെ തുടര്‍ന്നാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

2022 ഡിസംബര്‍23നാണ് പ്രശാന്ത് ധനകിനെ അറസ്റ്റ് ചെയ്യുന്നത്.

മോഡലിങ് വര്‍ക്കിനിടെ തന്നെ പീഡിപ്പിച്ചുവെന്നാണ് 27കാരിയായ മോഡല്‍ ഗുജറാത്ത് യൂണിവേഴ്സിറ്റി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. നവംബറില്‍ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവമെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പ്രശാന്ത് ധനകിനെതിരെ പോലീസ് പീഡനക്കുറ്റം ചുമത്തി. മാര്‍ച്ച്‌ രണ്ടിന് ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ധനകിന് കോടതി ജാമ്യം നിഷേധിച്ചു. എന്നാല്‍ ജാമ്യത്തിനായി വീണ്ടും ധനക് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


പൊലീസിന്റെ അന്വേഷണത്തില്‍ ധനക് ലൈംഗിക ശേഷി പരിശോധനയില്‍ മൂന്ന് തവണ പരാജയപ്പെട്ടുവെന്നും ഇതു തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കൂടാതെ മോഡല്‍ ഫോട്ടോഗ്രാഫറില്‍ നിന്നും പണം ആവശ്യപ്പെട്ടുവെന്നും അത് നല്‍കാത്തതാണ് പരാതിക്ക് കാരണമെന്നും കോടതിയില്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ധനകിന് ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സമീര്‍ ദവെയാണ് ധനകിന് ജാമ്യം അനുവദിച്ചത്. ധനകിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യമില്ലെന്നും വിചാരണക്ക് സമയമെടുക്കുമെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് 10,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിച്ചത്.