അദാനി മോദി ബന്ധത്തിൽ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യം മാത്രം: രാഹുൽ ഗാന്ധി

single-img
13 February 2023

അദാനിയും മോദിയുമായുള്ള ബന്ധത്തിൽ താൻ പാർലമെന്റിൽ പറഞ്ഞതെല്ലാം സത്യമെന്ന് രാഹുൽ ഗാന്ധി. അദാനിക്ക് വേണ്ടി ചട്ടങ്ങൾ മറികടക്കുന്നുവെന്നും മോദിയുടെ വിദേശ യാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും രാഹുൽ ഗാന്ധി വയനാട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, വന്യ ജീവി ആക്രമണത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍ സോണ്‍ ആശങ്കകള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദാനി പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ പങ്കെടുക്കുന്നത് എങ്ങനെയെന്നുംകരാറുകൾ ഒപ്പിടുന്നത് എങ്ങനെയെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. അദാനിക്കായി പ്രധാനമന്ത്രി മോദി ചട്ടങ്ങൾ മറികടക്കുന്നുവെന്ന് ആരോപിച്ച മോദി, രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനി വാങ്ങുന്നത് എങ്ങനെയാണെന്നും ചോദിച്ചു.

അദാനിക്ക് പ്രധാനമന്ത്രിയുമായുള്ള ബന്ധമാണ് എല്ലാത്തിനും അടിസ്ഥാനമെന്നും പാർലമെൻ്റിൽ പറഞ്ഞത് സത്യങ്ങൾ മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. താന്‍ മാന്യമായ ഭാഷയിലാണ് സംസാരിച്ചത്. ആരെയും അപമാനിച്ചില്ല. എന്നാൽ പാർലമെൻ്റിലെ തന്‍റെ പ്രസംഗം നീക്കം ചെയ്തു. പ്രധാനമന്ത്രി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. മറുപടി പറയുന്നതിന് പകരം എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മോദി ചെയ്തത്. എന്നാൽ ഇത് പാർലമെൻറിൽ നിന്ന് നീക്കം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.