ആയുധബലം കൊണ്ട് തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം പിടിച്ചെടുക്കുന്ന ആഗോള കൊള്ളക്കാരനായി അമേരിക്ക മാറിയിരിക്കുന്നു: എം സ്വരാജ്

single-img
3 January 2026

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്ക ബന്ദികളാക്കിയ സംഭവത്തിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് രംഗത്തെത്തി. വെനസ്വേലയുടെ അളവറ്റ എണ്ണ സമ്പത്ത് കൊള്ളയടിക്കുകയെന്നതാണ് അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. അതിനായി ഏറെക്കാലമായി ഒരു കഴുകനെപ്പോലെ വെനസ്വേലയെ ചുറ്റി അമേരിക്ക വട്ടമിട്ടു പറക്കുകയാണെന്നും എം. സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

‘നീചമായ അമേരിക്കന്‍ കുത്തിത്തിരിപ്പുകളെ ധീരമായി അതിജീവിച്ചാണ് ഹ്യൂഗോ ഷാവേസും മഡുറോയും ഇതുവരെ വെനസ്വേലയെ കാത്തുപോന്നത്. കോടിക്കണക്കിന് ഡോളര്‍ വാരിയെറിഞ്ഞ് ഒറ്റുകാരെ വിലക്കെടുക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കിണഞ്ഞു പരിശ്രമിച്ച അമേരിക്ക പലവട്ടം ഇളിഭ്യരായതാണ്. ഇപ്പോഴിതാ നേരിട്ട് ഭീകരാക്രമണം നടത്തിയിരിക്കുന്നു. മഡുറോയെ പിടികൂടിയതായി അമേരിക്ക അവകാശപ്പെടുന്നു’, അദ്ദേഹം പറഞ്ഞു.

ആയുധബലം കൊണ്ട് തങ്ങള്‍ക്കിഷ്ടമുള്ളതെല്ലാം പിടിച്ചെടുക്കുന്ന ആഗോള കൊള്ളക്കാരനായി അമേരിക്ക മാറിയിരിക്കുന്നുവെന്നും എം സ്വരാജ് കുറ്റപ്പെടുത്തി. സ്വന്തം ഭരണാധികാരി കൊള്ളക്കാരനാണെന്നതില്‍ അമേരിക്കന്‍ ജനത ലജ്ജിക്കുന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈമണ്‍ ബൊളിവറിന്റെയും ഹ്യൂഗോ ഷാവേസിന്റെയും വീരപൈതൃകമുയര്‍ത്തി ഈ നിമിഷം വരെയും കൊള്ളക്കാര്‍ക്കെതിരെ പൊരുതിനിന്ന മഡുറോയ്ക്ക് അഭിവാദനങ്ങള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.