മോദിക്ക് പോലും എന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനാവില്ല: ബിജെപി നേതാവ് പങ്കജ മുണ്ടെ

single-img
4 October 2022

ബിജെപിയുടെ ദേശീയ നേതൃത്വത്തെ വെട്ടിലാക്കി മഹാരാഷ്ട്രയിൽനിന്നുള്ള പാർട്ടി നേതാവ് പങ്കജ മുണ്ടെ. ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കുന്നതിനാൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി വിചാരിച്ചാൽ പോലും ഇല്ലായ്മ ചെയ്യാനാകില്ലെന്നാണ് പങ്കജയുടെ പ്രസ്താവന.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബെജൊഗായിയിൽ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.’സാധാരണക്കാരായ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും ജീവിക്കുന്നിടത്തോളം കാലം എന്നെ രാഷ്ട്രീയമായി ആർക്കും ഇല്ലായ്മ ചെയ്യാനാകില്ല.

പ്രതിപക്ഷമായ കോൺഗ്രസിൽ നിലനിന്നിരുന്ന കുടുംബാധിപത്യം പ്രധാനമന്ത്രി നരേന്ദ്രമോദി ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു. അതുകൊണ്ടുതന്നെ മോദിക്ക് പോലും എന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാനാകില്ല’ – പങ്കജ പറഞ്ഞു.

ബിജെപിയുടെ മുതിർന്ന നേതാവായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് ഇവര്‍. അച്ഛൻ ജീവിച്ചിരിക്കെ രാഷ്ട്രീയത്തിലിറങ്ങിയ പങ്കജ, ബീഡിലെ പർളി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. സംസ്ഥാനത്തെ ഫഡ്‌നാവിസ് മന്ത്രിസഭയിൽ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ ബിജെപി ദേശീയ സെക്രട്ടറിയാണ് ഇവർ.