പൊതു വിഷയത്തില്‍ കോണ്‍ഗ്രസില്ലാതെ ഒന്നിച്ച്‌ രാജ്യത്തെ എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍

single-img
5 March 2023

പൊതു വിഷയത്തില്‍ കോണ്‍ഗ്രസില്ലാതെ ഒന്നിച്ച്‌ രാജ്യത്തെ എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍. ഡല്‍ഹി ഉപമുഖ്യമന്ത്രിയായിരുന്ന എ.എ.പി.

നേതാവ് മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച്‌ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു.

ബി.ആര്‍.എസ്., തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി., നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍.സി.പി., ശിവസേന (ഉദ്ദവ്), സമാജ് വാദി പാര്‍ട്ടി നേതാക്കളാണ് സംയുക്തമായി കത്തെഴുതിയത്. സി.ബി.ഐയേയും ഇഡിയേയും കേന്ദ്രം പ്രതിപക്ഷ സര്‍ക്കാരുകള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുന്നു എന്ന് കത്തില്‍ നേതാക്കള്‍ ആരോപിച്ചു.

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് തെളിവുകളുടെ യാതൊരു അടിസ്ഥാനവുമില്ലാതെയാണ്. 2014ന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ടതും, റെയ്ഡ് ചെയ്യപ്പെട്ടതും, ചോദ്യം ചെയ്യപ്പെട്ടതും കൂടുതലും പ്രതിപക്ഷത്ത് നിന്നുള്ള നേതാക്കളാണ്. ബി.ജെ.പി. ഭരണത്തില്‍ ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ ഭീഷണിയിലാണ് എന്ന് ലോകം സംശയിക്കുന്നു. അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നതോടെ അവര്‍ക്കെതിരായ നടപടികള്‍ ഇല്ലാതാകുന്നു എന്നും കത്തില്‍ ആരോപിക്കുന്നു. അതിന് ഉദാഹരണമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയെ ചൂണ്ടിക്കാട്ടി. ശാരദ ചിട്ടി ഫണ്ട് തട്ടിപ്പില്‍ അന്വേഷണം നേരിട്ട കാലത്താണ് ഹിമന്ദ ബി.ജെ.പിയില്‍ ചേര്‍ന്നത്, അതിന് ശേഷം കേസില്‍ ഹിമന്ദയ്‌ക്കെതിരായ അന്വേഷണം മുന്നോട്ട് നീങ്ങിയില്ല.


ഇത്തരം ഉദാഹരണങ്ങള്‍ അനവധിയാണ് എന്ന് ചൂണ്ടിക്കാട്ടിയ നേതാക്കള്‍ നിരവധി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇ.ഡിയും സി.ബി.ഐയും നടത്തിയ റെയ്ഡുകളും നടപടികളും കത്തില്‍ എഴുതി. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡുകളും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും കത്തില്‍ പറഞ്ഞില്ല. മനീഷ് സിസോദിയയുടെ അറസ്റ്റില്‍ സിസോദിയയ്ക്ക് എതിരായ നിലപാടാണ് കോണ്‍ഗ്രസിന്, അതുകൊണ്ടാവാം കോണ്‍ഗ്രസിനെ ഒഴിവാക്കി മറ്റ് പാര്‍ട്ടികള്‍ കത്തെഴുതിയത്.എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയതാണോ കോണ്‍ഗ്രസ് സ്വയം മാറിനിന്നതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പൊതു വിഷയത്തില്‍ കോണ്‍ഗ്രസില്ലാതെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച്‌ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വരുന്നത് സമീപകാലത്ത് ആദ്യമാണ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ സഖ്യം സാധ്യമാക്കാന്‍ വലിയ ശ്രമം നടക്കുന്നതിനിടെയാണ് പുതിയ നീക്കം. കോണ്‍ഗ്രസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഡി.എം.കെയും രാജ്യത്തെ ഇടത് പാര്‍ട്ടികളും കത്തില്‍ ഒപ്പുവെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഗവര്‍ണമാരുടെ ഇടപെടലിനെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കുന്ന ഗവര്‍ണര്‍മാരുടെ ഇടപെടലിനെക്കുറിച്ച്‌ നേതാക്കള്‍ വിശദീകരിച്ചു. ജനാധിപത്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള സ്ഥാനം എന്ത് എന്നതിനെപ്പറ്റി ജനങ്ങള്‍ ചോദ്യം ഉന്നയിച്ച്‌ തുടങ്ങി എന്നും പ്രധാനമന്ത്രിയോട് പ്രതിപക്ഷം വ്യക്തമാക്കി.