മുസ്ലീം ലീഗിന് രണ്ട് സീറ്റുകൾ മാത്രം; യു ഡി എഫിൽ സീറ്റ് വിഭജനം പൂർത്തിയായി: വിഡി സതീശൻ

single-img
28 February 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണയും മുസ്ലീം ലീഗിന് രണ്ട് സീറ്റുകൾ മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചിട്ടുണ്ട്. അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നൽകുമെന്നും ഫോർമുല അവർ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മൂന്നാംസീറ്റ് വേണമെന്ന് മുസ്ലിം ലീഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ നടത്തിയ ചർച്ചയിലാണ് ഇപ്പോൾ യോജിപ്പിലെത്തിയിരിക്കുന്നത്. നിലവിൽ യു ഡി എഫിൽ സീറ്റ് വിഭജനം പൂർത്തിയായി.

ഇപ്പോഴുള്ള ധാരണപ്രകാരം മലപ്പുറത്തും പൊന്നാനിയിലും ലീഗ് മത്സരിക്കും. കോൺഗ്രസ് നേതാക്കളെല്ലാം പരസ്പരം കൂടിയാലോചിച്ച ശേഷം എടുത്ത തീരുമാനമാണ്. ഇതിന് ദേശീയ നേതൃത്വത്തിന്റെ അംഗീകാരവുമുണ്ടെന്നും സതീശൻ വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പ് എപ്പോഴാണെന്ന് പോലും പ്രഖ്യാപിച്ചിട്ടില്ലല്ലോ. അഞ്ച് ദിവസം മുമ്പാണ് എൽ ഡി എഫ് ചർച്ച പൂർത്തിയാക്കിയത്. കോൺഗ്രസിൽ മാർച്ച് ആദ്യവാരം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. അക്കാര്യത്തിൽ കൃത്യമായ ധാരണയുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.