മേയറുടെ വിവാദ കത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ച്; റിപ്പോർട്ട് ഡിജിപിക്ക് കൈമാറും

single-img
14 November 2022

തിരുവനന്തപുരം: മേയറുടെ വിവാദ കത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്‍്റെ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും.

സംഭവത്തിലെ വസ്തുത കണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് പ്രാഥമിക അന്വേഷണം നടത്തുന്ന എസ്.പി മധുസൂദനന്‍്റെ ശുപാര്‍ശ. കത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഇന്ന് മേയറുടെ ഓഫീസിലെ കമ്ബ്യൂട്ടര്‍ പരിശോധിക്കും കൂടുതല്‍ ജീവനക്കാരില്‍ നിന്ന് മൊഴിയുമെടുക്കും.

തന്‍്റെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്നാണ് മേയറുടെ മൊഴി. കേസില്‍ നിര്‍ണായക തെളിവായ കത്തിന്‍്റെ യഥാര്‍ത്ഥ പകര്‍പ്പ് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ. അതേസമയം കത്തുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനിലില്‍ നിന്ന് ടെലിഫോണിലൂടെ ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു.

വിജിലന്‍സിന് മുന്നില്‍ നേരിട്ട് ഹാജരായി വിവരങ്ങള്‍ നല്‍കുന്ന സിപിഎം നേതാക്കള്‍ പക്ഷെ ക്രൈം ബ്രാഞ്ചിന് നേരിട്ട് മൊഴിനല്‍കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മേയറുടെ പരാതിയില്‍ വ്യാജരേഖ കേസ് നിലനില്‍ക്കുന്പോള്‍, കത്തിന്റെ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ അഴിമതി വിരുദ്ധ നിയമപ്രകാരമുള്ള വിജിലന്‍സ് കേസ് തള്ളിപ്പോകുമെന്നതാണ് കരുതലോടെയുള്ള പാര്‍ട്ടി നീക്കത്തിന് പിന്നിലെന്നാണ് സൂചന.

കത്തിന്റെ സത്യാവസ്ഥ കണ്ടെത്തിയ ശേഷം നിയമനത്തിലെ അഴിമതി അന്വേഷിച്ചാല്‍ മതിയെന്നാണ് വിജിലന്‍സ് നിലപാട്. ഇതിന്റെ ഭാഗമായി മേയറുടെ ഓഫീസിലെ കന്പ്യൂട്ടര്‍ ഇന്ന് വീജിലന്‍സ് പരിശോധിക്കും. കോര്‍പ്പറേഷനിലെ വിനോദ്, ഗിരീഷ് എന്നി ജീവനക്കാരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. പ്രചരിക്കുന്നത് പോലൊരു കത്ത് നല്‍കിയിട്ടില്ലെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഇന്ന് കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ഹൈക്കോടതിയില്‍ കേസ് വരുന്നതിന് മുന്പ് വിജിലന്‍സും റിപ്പോര്‍ട്ട് നല്‍കും. അതേ സമയം മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ നഗരസഭാ പരിസരം ഇന്ന് കലുഷിതമാകും.