സിൽവർലൈൻ മംഗലാപുരം വരെ നീട്ടി സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കുന്നു: കെ മുരളീധരൻ
സിൽവർലൈൻ പദ്ധതി കാസർകോട് നിന്നും മംഗലാപുരം വരെ നീട്ടി സിപിഎം, ബിജെപിയുമായി ധാരണയുണ്ടാക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ആലപ്പുഴയിൽ വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ചത് ഇത് മുന്നിൽക്കണ്ടാണ്.
അവസാന മൂന്ന് ആഴ്ചയിലെ മുഖ്യമന്ത്രിയുടെ നീക്കങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ സിൽവർലൈൻ മംഗലാപുരം വരെ നീട്ടിയാലും സമരത്തിൽ നിന്ന് പിന്മാറില്ല. കോൺഗ്രസ്, സമരം താർക്കാലികമായി മാറ്റി വച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ യാത്ര തിരുവനന്തപുരം കഴിഞ്ഞ ശേഷം സമരം ശക്തമാക്കും. പദ്ധതി ഉപേക്ഷിച്ചു എന്ന് പറയും വരെ സമരം തുടരുമെന്നും കെ.മുരളീധരൻ പറഞ്ഞു.
നിലവിൽ സംസ്ഥാനത്തെ സിൽവർലൈനിനായി കുറ്റിയടിച്ച സ്ഥലങ്ങളിൽ ആളുകൾ ദുരിതത്തിലാണ്. ലോൺ കിട്ടുന്നില്ല, സ്ഥലം വിൽക്കാനാകുന്നില്ല. കമ്മീഷൻ പറ്റാനുള്ള ഏർപ്പാട് മാത്രമാണ് സിൽവർലൈൻ. മുഖ്യമന്ത്രിക്കെതിരായ കേസുകളിൽ നിന്ന് കേന്ദ്ര ഏജൻസികളെ പിൻമാറ്റാൻ ശ്രമം നടക്കുന്നതായും മുരളീധരൻ ആരോപിച്ചു.