ദേശീയ തലത്തിൽ സഖ്യങ്ങളില്ല; ബി ജെ പിക്കെതിരെ തമിഴ്നാട് മോഡലിൽ സംസ്ഥാനങ്ങളിൽ സഖ്യമുണ്ടാക്കാൻ സിപിഎം തീരുമാനം


2024 ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിലേക്കുള്ള തന്ത്രങ്ങളും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്ത് ഡൽഹിയിൽ ഇന്ന് ചേർന്ന സി പി എം പൊളിറ്റ് ബ്യൂറോ. തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ കാര്യത്തിൽ വിവിധ ചർച്ചകൾക്കൊടുവിൽ തമിഴ്നാട്ടിൽ വിജയംകണ്ട തന്ത്രം ഏറ്റെടുക്കാനുള്ള ധാരണയാണ് സി പി എം പൊളിറ്റ് ബ്യൂറോ കൈക്കൊണ്ടത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരി എം കെ സ്റ്റാലിൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപെട്ടപ്പോൾ ഡി എം കെയ്ക്കൊപ്പം സി പി എം, കോൺഗ്രസ് എന്നിവരും സംഖ്യത്തിലാണ് മത്സരിച്ചത്. ഇത്തരത്തിൽ സംസ്ഥാന തലത്തിൽ ഉണ്ടാക്കിയ സഖ്യ തന്ത്രം ലോക്സഭാ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ സ്വീകരിക്കാമെന്ന ധാരണയിലാണ് സി പി എം എത്തിച്ചേർന്നത്.
ബിജെപിയെ പരാജയപ്പെടുത്താനായി മതേതര ജനാധിപത്യ പാർട്ടികളുമായി സഹകരിക്കുന്നതിൽ പ്രാധാന്യം നൽകാമെന്നാണ് സി പി എം തീരുമാനിച്ചിട്ടുള്ളത്. ഇന്നത്തെ സി പി എം പിബി യോഗം അവസാനിച്ചെങ്കിലും വിഷയത്തിൽ നാളെയും ചർച്ച തുടരുമെന്നാണ് വിവരം. അതേസമയം വയനാട് എംപി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കുറിച്ച് പി ബി യോഗത്തിൽ കേരളത്തിലെ നേതാക്കൾ അഭിപ്രായം രേഖപ്പെടുത്തി. കേരളത്തിലെ ഇടത് സർക്കാരിനെതിരെ വികാരം ഉണ്ടാക്കാൻ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ യാത്ര ഉപയോഗിക്കുന്നുവെന്നാണ് കേരള നേതാക്കൾ ചൂണ്ടികാട്ടിയത്.