തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 12 വരെ നീട്ടി കോടതി

single-img
28 June 2023

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 12 വരെ കോടതി നീട്ടി. കാവേരി ആശുപത്രിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് മന്ത്രി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ് അല്ലിക്കു മുന്നിൽ ഹാജരായത്.

അറസ്റ്റിലായ മന്ത്രിയുടെ ആരോഗ്യനില ആരാഞ്ഞ ജഡ്ജി ജൂലൈ 12 വരെ കസ്റ്റഡി നീട്ടുകയായിരുന്നു. ജൂൺ 14നാണ് മന്ത്രി സെന്തിൽ ബാലാജിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ പിന്നീട് ഓമണ്ടുരാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെന്തിൽ ബാലാജിയെ ആശുപത്രിയിൽ സന്ദർശിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് കാവേരി ആശുപത്രിയിലേക്ക് മാറ്റിയ സെന്തിൽ ബാലാജിയെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.