മുൻമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പ്

single-img
2 August 2026

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വധശ്രമക്കേസിൽ തുടരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. കേസിൽ പ്രതികളായ കെ.എസ്.യു. പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയത്.

തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. എസ്.പി. റാങ്കിലുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്. സംഘത്തിൽ ഉൾപ്പെടുന്ന മറ്റ് ഉദ്യോഗസ്ഥരെയും അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്.പി.യെയും സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് വിവരം.

മാരകായുധങ്ങളുമായി മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റുൾപ്പെടെ നിരവധി പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതിഷേധത്തിനിടെ തങ്ങളുടെ കൈവശം കരിങ്കൊടി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മാരകായുധങ്ങളൊന്നും കൈവശം ഉണ്ടായിരുന്നില്ലെന്നുമാണ് പ്രതികളായ പ്രവർത്തകരുടെ വാദം