ചാൻസലർ എന്നാൽ ഗവർണർ എന്ന് ഭരണഘടനയിൽ എവിടെയും പറഞ്ഞിട്ടില്ല: തോമസ് ഐസക്

single-img
12 November 2022

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗവർണർ – സർക്കാർ ബന്ധം ഇത്രയും മോശമാകുന്നതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്. നേരത്തെ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ട കാലത്ത് പോലും ഇത്തരം പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും എൽ സി ജെയിൻ അനുസ്മരണ സെമിനാറിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ ചാൻസലർ എന്നാൽ ഗവർണർ എന്ന് ഭരണഘടനയിൽ എങ്ങും പറഞ്ഞിട്ടില്ല. കേരളത്തിലെ ഗവർണറുടെ നടപടികൾ മുൻപൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ളതാണ്. രാജ്യത്തിന്റെ വൈവിദ്ധ്യത്തിൽ വിശ്വസിക്കാത്ത ഒരു സർക്കാർ ആണ്‌ രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

അതേസമയം ഇന്ന് സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. എന്നാൽ ഇത് തന്നെ ബാധിക്കുന്ന ഓർഡിനൻസ് ആയതിനാൽ രാഷ്ട്രപതിയുടെ ശുപാർശയ്ക്ക് അയയ്ക്കുമെന്നാണ് ഗവർണർ സ്വീകരിച്ചിട്ടുള്ള നിലപാട്.