‘സോഷ്യലിസ്റ്റ്, സെക്യുലാര്‍’ എന്നീ വാക്കുകൾ ഒഴിവാക്കി ഭരണഘടനാ ആമുഖം പങ്കുവച്ച് കേന്ദ്രസര്‍ക്കാര്‍

single-img
26 January 2024

ഇന്ന് രാജ്യത്തിൻറെ 75ാം റിപ്പബ്ലിക് ദിനത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലാര്‍ വാക്കുകള്‍ ഒഴിവാക്കി ഭരണഘടനാ ആമുഖം പങ്കുവച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ Mygov എന്ന പ്ലാറ്റ്ഫോമിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലാണ് ഭരണഘടനയുടെ ആമുഖം പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യ റിപ്പബ്ലിക്കിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഭരണഘടനയുടെ യഥാര്‍ത്ഥ ആമുഖം വീണ്ടും പരിശോധിക്കാമെന്ന തലക്കെട്ടോടെയാണ് ഭരണഘടനാ ആമുഖത്തിന്‍രെ ചിത്രം Mygov പങ്കുവച്ചിരിക്കുന്നത്. അടിസ്ഥാന തത്വങ്ങളുമായി പുതിയ ഇന്ത്യ എങ്ങനെ പ്രതിധ്വനിക്കുന്നുവെന്നും ഇന്ത്യ അതിന്റെ വേരുകളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ എങ്ങനെയാണ് പരിണമിച്ചതെന്ന് നോക്കാമെന്നും പോസ്റ്റില്‍ പറയുന്നു.

ആമുഖത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ഇതുവരെ എന്തെല്ലാം വികസന പ്രവൃത്തികള്‍ ചെയ്തുവെന്നാണ് പറയുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും സൈനിക ആക്രമണങ്ങള്‍ നടത്തിയും ജമ്മുകശ്മീരില്‍ ഭീകരവാദം കുറഞ്ഞെന്നും പുതിയ പാര്‍ലമെന്റ് രാജ്യത്തിനായി സമര്‍പ്പിച്ചതും പങ്കുവച്ചിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിച്ചു, 34 ലക്ഷം കോടി രൂപ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിച്ചു, തുടങ്ങിയ കാര്യങ്ങളാണ് മറ്റുള്ളവ. സോഷ്യലിസ്റ്റും സെക്കുലറും ഒഴിവാക്കിയ ഭരണഘടനാ ആമുഖത്തില്‍, ബിജെപിക്ക് കീഴില്‍, പരമാധികാരം(sovereignty), ജനാധിപത്യം (democracy), റിപ്പബ്ലിക് എന്നിവയില്‍ എന്തെല്ലാം ചെയ്തുവെന്നാണ് വിവരിക്കുന്നത്.