പ്രധാനമന്ത്രിയായി മോദി, മുഖ്യമന്ത്രിയായി അരവിന്ദ്; ആം ആദ്മിയെ കുടുക്കാൻ പഴയ പോസ്റ്ററുമായി കോണ്‍ഗ്രസ്

single-img
7 November 2022

ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണംശക്തമാകവേ ആംആദ്മി പാര്‍ട്ടി ഉയർത്തിയ ഒരു പഴയ മുദ്രാവാക്യം ഓര്‍മ്മിപ്പിച്ച് ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് പാർട്ടിയുടെ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകള്‍. പ്രധാനമന്ത്രി മോദിയുടേയും അരവിന്ദ് കെജ്‌രിവാളിന്റെയും ചിത്രം ഉപയോഗിച്ചായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പഴയ പ്രചരണം.

‘ഡല്‍ഹി പറയുന്നു, പ്രധാനമന്ത്രിയായി മോദി, മുഖ്യമന്ത്രിയായി അരവിന്ദ്’, എന്നെഴുതിയ മുദ്രാവാക്യം ആംആദ്മി പാര്‍ട്ടിയുടെ വെബ്‌സൈറ്റിലായിരുന്നു വന്നത്. ‘ഡൽഹിയിലെ വോട്ടര്‍മാര്‍ നിശ്ചയിച്ചു കഴിഞ്ഞു. അവര്‍ക്ക് ശക്തനായ പ്രധാനമന്ത്രിയെ വേണമായിരുന്നു. അതുകൊണ്ടവര്‍ നരേന്ദ്രമോഡിയെ തെരഞ്ഞെടുത്തു. ഇപ്പോള്‍ അവര്‍ക്ക് പ്രശ്‌നങ്ങളായ അഴിമതി, പണപ്പെരുപ്പം, മികച്ച സ്‌കൂളുകള്‍, ഗതാഗതം, ആരോഗ്യമേഖല എന്നിവ പരിഹരിക്കാന്‍ കഴിയുന്ന ശക്തനായ മുഖ്യമന്ത്രിയെ വേണം. അവര്‍ക്ക് അരവിന്ദ് കെജ്‌രിവാള്‍ വീണ്ടും വരണം’, എന്നും വെബ്‌സൈറ്റിലുണ്ടായിരുന്നു.

അതേസമയം, നിലവിൽ ഗുജറാത്തില്‍ ബിജെപിക്കെതിരെ ശക്തരായ എതിരാളികള്‍ തങ്ങളാണെന്ന്് പറഞ്ഞാണ് ആംആദ്മി പാര്‍ട്ടിയുടെ പ്രചരണം. ഗുജറാത്തിൽ ബിജെപിയും കോണ്‍ഗ്രസും ഭാര്യ-ഭര്‍തൃ ബന്ധം പോലെയാണ് സംസ്ഥാനത്തെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പണം നല്‍കുന്നത് ബിജെപിയാണെന്നും അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് കോണ്‍ഗ്രസ് സാമൂഹ്യ മാധ്യമ ഗ്രൂപ്പുകള്‍ ആംആദ്മി പാര്‍ട്ടിയുടെ പഴയ മുദ്രാവാക്യവും ചിത്രവും ഓര്‍മ്മിപ്പിച്ച് രംഗത്തെത്തിയത്.