കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ; രാജസ്ഥാനിൽ സ്ഥിതി രൂക്ഷം

single-img
25 November 2022

ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ കോൺഗ്രസ് പിളർപ്പിന്റെ വക്കിലെന്ന് സൂചന. അവസാന ഒരു വർഷമെങ്കിലും മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന സച്ചിൻ പൈലറ്റ് വിഭാഗത്തിന്റെ ആവശ്യം മുഖ്യമന്ത്രി അശോക് ഗെലോട്ട് തള്ളിയതിടെയാണ് രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമായത്.

അധികാര തർക്കം അവസാനിപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇടപെടുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കോൺഗ്രസ് അധ്യക്ഷ സ്ഥാനം വേണ്ടെന്ന് വെച്ച് അധികാരത്തിൽ തുടരുന്ന അശോക് ഗലോട്ടുമായി ഖാർഗെ സംസാരിക്കും. ഗെലോട്ടിനെ അനുനയിപ്പിക്കാനുള്ള നീക്കമാണ് ഖാർഗേ മുന്നോട്ട് വെക്കുക.

സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടുന്ന ഗുര്‍ജര്‍ സമുദായവും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജസ്ഥാനില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തടഞ്ഞ് പ്രതിഷേധിക്കുമെന്നാണ് ഗുര്‍ജര്‍ വിഭാഗം നേതാവ് വിജയ് സിംഗ് ബെന്‍സ്ല ഭീഷണി മുഴക്കിയത്.

നാല്‍പതിലധികം സീറ്റുകളില്‍ സ്വാധീനമുള്ള ഗുര്‍ജറുകള്‍ക്ക് മേല്‍ക്കൈയുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിലാണ് ഗുര്‍ജറുകള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതെന്നും വിജയ് സിംഗ് ബെന്‍സ്ല പറയുന്നു. നിലവിൽ പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം ഭാരത് ജോഡോ യാത്രക്ക് ഒപ്പമാണ് സച്ചിൻ പൈലറ്റുള്ളത്.