ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജൽവീർ കപ്പലിൽ 20 ഇന്ത്യൻ ജീവനക്കാർ

ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജൽവീർ കപ്പലിൽ 20 ഇന്ത്യൻ ജീവനക്കാരുണ്ടെന്ന് വിവരം. ഇന്ത്യൻ കപ്പൽ ആക്രമിച്ചത് അമേരിക്ക തന്നെയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ പോർവിമാനത്തിൽ നിന്ന് രണ്ടു മിസൈലുകൾ തൊടുത്തു. കപ്പലിന്റെ എഞ്ചിൻ റൂമും തകർത്തു. ആക്രമണം അമേരിക്കൻ സെൻട്രൽ കമാൻഡും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 9 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
അതേസമയം, ഒമാൻ കടിലുടുക്കിൽ പലാവു പതാകയേന്തിയ എംടി സെറ്റെബെല്ലോ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. രണ്ട് പേരുടെ മൃതദേഹങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ടാങ്കർ തങ്ങളുടെ നിർദേശങ്ങൾ പാലിച്ചില്ലെന്നും ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്നുവെന്നുമുള്ള ആരോപണത്തെ തുടർന്നാണ് അമേരിക്കൻ സൈന്യം കപ്പലിനെതിരെ ‘പ്രിസിഷൻ സ്‌ട്രൈക്ക്’ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.


