പാര്‍ട്ടിയിലും പിടിമുറുക്കാന്‍ വിഡി സതീശന്‍; കൊടിക്കുന്നിലിനെ കെപിസിസി പ്രസിഡന്റാക്കാൻ നീക്കം ; പിന്തുണയുമായി സുധീരൻ

single-img
11 June 2026

സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിവരികയാണ്. പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്റെയും മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും നിലപാട് നിര്‍ണായകമായേക്കും.

കൂടിയാലോചനകളും ലോബിയിങ്ങും പുരോഗമിക്കുന്നതിനിടെ, ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സതീശന്‍-സുധീരന്‍ ക്യാമ്പ് പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നീക്കത്തിലൂടെ, പാര്‍ട്ടിയിലും സര്‍ക്കാരിലും തന്റെ സ്വാധീനം ഉറപ്പിക്കാന്‍ സതീശന്‍ ശ്രമിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തമ്മിലുള്ള തീവ്രമായ പോരാട്ടത്തിനിടയിലാണ് പുതിയ സമവാക്യം രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വിഡി സതീശന് വേണ്ടി ലോബിയിങ് ചെയ്യുന്നതില്‍ വി എം സുധീരന്‍ നിര്‍ണായക പങ്ക് വഹിച്ചതായി പറയപ്പെടുന്നു. ഇത് സതീശനും സുധീരനും തമ്മിലുള്ള അടുപ്പം ശക്തമാകാന്‍ കാരണമായിട്ടുണ്ട്.

കൊടിക്കുന്നില്‍ സുരേഷിന് പുറമേ, മുന്‍ യുഡിഎഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍ എംപിയാണ് പരിഗണനയിലുള്ള മറ്റൊരു നേതാവ്. പുതിയ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്- ബെന്നി ബെഹനാന്‍ എന്നിവര്‍ തമ്മില്‍ നേരിട്ടുള്ള പോരിന് കളമൊരുങ്ങുന്നുവെന്നാണ് സൂചന. മുഖ്യമന്ത്രി വിഡി സതീശന്‍ തന്റെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പുതിയ സംഭവവികാസങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസിലെ അധികാര സന്തുലിതാവസ്ഥയെ സ്വാധീനിച്ചേക്കാമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തന്ത്രം സംബന്ധിച്ച് കെ സി വേണുഗോപാല്‍ ക്യാമ്പില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷ്, വളരെക്കാലമായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പ്രസിഡന്റ് ആകാൻ ശ്രമിച്ചു വരികയാണ്. നിയമിക്കപ്പെട്ടാൽ കെപിസിസിയുടെ ആദ്യ ദലിത് പ്രസിഡന്റാകും കൊടിക്കുന്നിൽ സുരേഷ്.

കഴിഞ്ഞതവണയും കൊടിക്കുന്നില്‍ ശ്രമിച്ചെങ്കിലും, ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഏറെ നാളായി കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ബെന്നി ബെഹനാന്റേത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ജോസഫിന് മത്സരിക്കാന്‍ ടിക്കറ്റ് അനുവദിച്ചപ്പോള്‍ ബെന്നി ബഹനാനെ പകരം കെപിസിസി അധ്യക്ഷനായി നിയമിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പാര്‍ട്ടിയിലെ ഭിന്നത കണക്കിലെടുത്ത് അവസാന നിമിഷം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
കൊടിക്കുന്നില്‍ സുരേഷിഷിനെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ പുതിയ സോഷ്യല്‍ എഞ്ചിനീയറിംഗ് ഫോര്‍മുല തങ്ങളുടെ സ്ഥാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സതീശനുമായും സുധീരനുമായും അടുത്ത വൃത്തങ്ങള്‍ വിലയിരുത്തുന്നു.