വന്യജീവി ആക്രമണം; സർക്കാർ മാറിയത് ആന അറിഞ്ഞില്ലായെന്നത് മറുപടിയല്ല: പിണറായി വിജയൻ

single-img
11 June 2026

ചിന്നക്കനാലിലുണ്ടായ കാട്ടാന ആക്രമണം അതീവ നിർഭാഗ്യകരമായ സംഭവമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിൽ കുട്ടിയുടെ അമ്മ മരണപ്പെട്ട സാഹചര്യം ഏറെ വേദനാജനകമാണ്.

പരിക്കേറ്റ കുട്ടിയുമായി സംസാരിച്ചുവെന്നും പല്ലിന്റെ ഭാഗത്ത് നല്ല വേദനയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിലവിൽ ആശുപത്രി സൂപ്രണ്ടിന്റെയും ന്യൂറോ വിഭാഗം ഡോക്ടർമാരുടെയും നേതൃത്വത്തിൽ മികച്ച ചികിത്സയാണ് കുട്ടിക്ക് നൽകി വരുന്നത്. കുട്ടിയുടെ ആരോഗ്യനിലയിൽ ഡോക്ടർമാർ ശുഭപ്രതീക്ഷയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മേഖലയിൽ ആറ് ആന ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഴക്കാലത്താണ് ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നത് എന്നത് ഗൗരവകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. മുൻപ് തുടങ്ങിവെച്ച നടപടികൾക്ക് കൃത്യമായ തുടർച്ച ഉണ്ടാകണമെന്നും കൂടുതൽ ആപത്തുകൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണം. സർക്കാരുകൾ മാറുന്നത് ആനകൾ അറിയുന്നില്ല എന്ന തരത്തിലുള്ള രാഷ്ട്രീയ മറുപടികൾക്ക് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയില്ലെന്നും, പ്രായോഗികമായ നടപടികൾ സ്വീകരിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ആവശ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു.