ഇന്ത്യ മുന്നണി; കോൺഗ്രസിൻ്റെ വല്യേട്ടൻ മനോഭാവം ബിജെപിക്കെതിരായ വിശാല ഐക്യത്തിന് തടസം: എംവി ഗോവിന്ദൻ

ഇൻഡ്യ മുന്നണി ശക്തിപ്പെടുത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രാദേശിക പാർട്ടികളുടെ പ്രാധാന്യം മനസിലാക്കാൻ കോൺഗ്രസ് തയ്യാറാകണം. കോൺഗ്രസിൻ്റെ വല്യേട്ടൻ മനോഭാവം ബിജെപിക്കെതിരായ വിശാല ഐക്യത്തിന് തടസമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ ഗോവിന്ദൻ പറയുന്നു. കോൺഗ്രസിനോടുള്ള കടുത്ത വിയോജിപ്പിനിടയിലും സഖ്യം വിടില്ലെന്ന സൂചനയാണ് ലേഖനത്തിലുള്ളത്.
“ഹിന്ദുത്വ വർഗീയവാദികളുടെ അഴിഞ്ഞാട്ടവും ബുൾഡോസർ രാജും വലിയ സാമൂഹ്യപ്രശ്നമായി മാറി. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യാ കൂട്ടായ്മയ്ക്ക് ഏറെ പ്രസക്തിയുണ്ട്. കോൺഗ്രസുമായുള്ള തർക്കത്തെ തുടർന്ന് കൂട്ടായ്മയിൽനിന്ന് രണ്ടു പ്രമുഖ കക്ഷികൾ വിട്ടുനിന്നു. ഡിഎംകെയും ആം ആദ്മി പാർടിയും. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിലാണ് കോൺഗ്രസ് മത്സരിച്ചത്. ടിവികെ ഏറ്റവും വലിയ കക്ഷിയാ യതോടെ മുന്നണിമര്യാദകൾ ലംഘിച്ച് കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ നൽകി. ഇതിൽ പ്രതിഷേധിച്ചാണ് ഡിഎംകെ, ഇന്ത്യാകൂട്ടായ്മ യോഗത്തിൽനിന്ന് വിട്ടുനിന്നത്.
ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസിന് ഭരണം നഷ്ടമായി. പാർട്ടി ഏറെ ശോഷിച്ചെങ്കിലും ആ യാഥാർഥ്യം അംഗീകരിക്കാതെയുള്ള കോൺഗ്രസിന്റെ ഈ വല്യേട്ടൻ മനോഭാവം മതനിരപേക്ഷ കക്ഷികളുടെ വിശാലയോജിപ്പിന് തടസം നിൽക്കുകയാണ്. ഇന്ത്യാകൂട്ടായ്മ യോഗത്തിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആർജെഡി നേതാവ് തേജസ്വി യാദവും പറഞ്ഞത്, ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രാദേശിക കക്ഷികളുടെ പ്രാധാന്യം കോൺഗ്രസ് മന സിലാക്കണമെന്നാണ്”, എം.വി. ഗോവിന്ദൻ്റെ വാക്കുകൾ.


