മോഹൻ ഭാഗവത് സഞ്ചരിച്ച ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ്; അന്വേഷണം

single-img
12 June 2026

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സഞ്ചരിച്ച ട്രെയിനിന് നേരെ കല്ലേറ്. വ്യാഴാഴ്ച രാത്രി 7:20-ഓടെ കാൺപുരിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ഫിറോസാബാദ് ജില്ലയിലെ മകൻപുർ സ്റ്റേഷന് സമീപമാണ് സംഭവം.കല്ലേറിൽ മോഹൻ ഭാഗവത് ഇരുന്ന ഇ-1 കോച്ചിന്റെ ജനൽചില്ലുകൾ തകർന്നുവെങ്കിലും അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

കല്ലേറ് നടന്ന വശത്തിന് വിപരീത ദിശയിലുള്ള സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നിരുന്നത് എന്നതിനാലാണ് വലിയൊരു അപകടം ഒഴിവായത്.ആക്രമണത്തെത്തുടർന്ന് ട്രെയിൻ അടുത്തുള്ള തുണ്ടല സ്റ്റേഷനിൽ നിർത്തുകയും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സന്ദർശനത്തിനായി പുറപ്പെട്ടതായിരുന്നു അദ്ദേഹം.

സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് അന്വേഷണം ആരംഭിക്കുകയും ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മേഖലയിൽ ട്രെയിനുകൾക്ക് നേരെ കല്ലേറ് പതിവാണെങ്കിലും ആർഎസ്എസ് മേധാവിയുടെ കോച്ചിന് നേരെ തന്നെ ആക്രമണം ഉണ്ടായതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷിക്കുകയാണ്.