കോൺഗ്രസിൻ്റെ അസ്തിത്വം നഷ്ടപ്പെട്ടു; വർഗീയ ചേരിതിരിവ് ഉണ്ടാക്കിയാൽ അതിന്റെ ലാഭം ഉണ്ടാക്കാം എന്ന് കരുതുന്ന നേതൃത്വമാണ് ഉള്ളത്: എ വിജയരാഘവൻ

single-img
8 January 2026

കോൺഗ്രസ് ഇനി അധികാരത്തിൽ വരില്ലെന്നും പാർട്ടിയുടെ അസ്തിത്വം നഷ്ടപ്പെട്ടുവെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. വർഗീയതയ്ക്ക് കീഴടങ്ങിയ നേതൃത്വമാണ് കോൺഗ്രസിനുള്ളതെന്നും കെ.സി. വേണുഗോപാലും വി.ഡി. സതീശനും വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വർഗീയ ചേരിതിരിവിലൂടെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടുമെന്ന യുഡിഎഫിന്റെ അവകാശവാദം പരിഹസിച്ച അദ്ദേഹം, 140 സീറ്റുകളിൽ മത്സരിക്കുമ്പോൾ അത് 100 ആയി ചുരുക്കിയതിന് നന്ദിയുണ്ടെന്നും പറഞ്ഞു. കോൺഗ്രസിന് ഇന്ന് സ്വതന്ത്രമായ രാഷ്ട്രീയ നിലപാടില്ലെന്നും വിവിധ വർഗീയ ശക്തികളെ ആശ്രയിച്ചാണ് അവർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ പത്ത് വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ സാമൂഹ്യ സുരക്ഷയ്ക്കും സമാധാനത്തിനുമാണ് മുൻഗണന നൽകിയിട്ടുള്ളതെന്ന് വിജയരാഘവൻ വ്യക്തമാക്കി. വർഗീയ സംഘർഷങ്ങൾ ഒഴിവാക്കി സാമൂഹിക സൗഹൃദം നിലനിർത്താൻ സർക്കാർ ഇടപെട്ടുവെന്നും, അതിനാൽ ഭരണത്തുടർച്ചയിൽ എൽഡിഎഫിന് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.