തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസ്; നേമത്ത് നടന്നത് തന്നെ തൃശൂരിലും നടന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
11 June 2024

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ . തോൽവി വിശദമായി പരിശോധിക്കുമെന്നും സംഘടനാ തലത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കുമെന്നും പറഞ്ഞ അദ്ദേഹം തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചത് കോൺഗ്രസെന്നും കുറ്റപ്പെടുത്തി.

ഇന്ത്യയിൽ പട്ടിണി അവസാനിച്ച ആദ്യ സംസ്ഥാനമാണ് കേരളം ,. 5 ലക്ഷത്തിലധികം ആളുകൾക്കാണ് ലൈഫ് വഴി വീട് കിട്ടിയത്. ലോകത്തിലെ തന്നെ അത്യപൂർവ്വ പദ്ധതിയാണ് ലൈഫ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ പ്രചാരണം നടത്തി. രാഹുൽ ഗാന്ധി പ്രസംഗിച്ചതു പോലും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനെതിരെ എന്തായിരുന്നു കേസെന്നും അദ്ദേഹം ചോദിച്ചു.

തൃശൂർ മണ്ഡലത്തിൽ 9.81% വോട്ടാണ് യുഡിഎഫിന് കുറഞ്ഞത്. 86,965 വോട്ട് യുഡിഎഫിന് കുറഞ്ഞു. പക്ഷെ അപ്പോഴും 16000ത്തോളം വോട്ട് ഇടതുമുന്നണിക്ക് കൂടി. നേമത്ത് നടന്നത് തന്നെ തൃശൂരിലും നടന്നു. സംസ്ഥാനത്ത് 11 നിയോജക മണ്ഡലങ്ങളിൽ ബിജെപി മുൻകൈ നേടി. ഗുരുവായൂരിൽ മാത്രം 7235 വോട്ട് യുഡിഎഫിന് കുറഞ്ഞു.

മണലൂരിലും ഒല്ലൂരിലും തൃശൂരിലും നാട്ടികയിലും ഇരിങ്ങാലക്കുടയിലും ആറ്റിങ്ങലിലും കാട്ടാക്കടയിലും കഴക്കൂട്ടം, വട്ടിയൂർകാവ് , നേമം മണ്ഡലങ്ങളിലും കോൺഗ്രസിന് കുറഞ്ഞ വോട്ടിന്റെ എണ്ണം എംവി ഗോവിന്ദൻ മാസ്റ്റർ സഭയിൽ വിശദീകരിച്ചു. കോൺഗ്രസ് വോട്ടിന്റെ ബിജെപി അനുകൂല കുത്തൊഴുക്ക് കാണാതെ പോകരുതെന്നും ബിജെപി മുന്നേറ്റം അതിശക്തമായി എതിർക്കപ്പെടണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.