ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനാകില്ല; ബദൽ തൃണമൂൽ മാത്രം: മഹുവ മൊയ്ത്ര

single-img
24 February 2023

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്ര. ബിജെപിയെ ശക്തിപ്പെടുത്തുകയും അധികാരത്തിലെത്തിക്കുകയും ചെയ്യുക എന്നതാണ് തൃണമൂൽ കോൺഗ്രസ്‌ മുന്നോട്ടുവെക്കുന്ന ആശയം എന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെയാണ് മെഹുവ രംഗത്തെത്തിയത്.

കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ആവശ്യമുണ്ടായിരുന്നില്ല. കോൺഗ്രസ് ബംഗാളിൽ പരാജയപ്പെട്ടതോടെയാണ് തൃണമൂൽ ഒരു ബദലായി മുന്നോട്ടു വന്നത് എന്നും മെഹുവ മൊയ്ത്ര പറഞ്ഞു.

മേഘാലയയിലെ ഷില്ലോങ്ങിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് അവരുടെ പ്രതികരണം. കോൺഗ്രസ് രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലായി പരാജയപ്പെടുമ്പോഴും തങ്ങൾ വീട്ടിലിരുന്ന് അടുത്ത തെരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിൽ വരുന്നത് കാണണോ എന്ന് ചോദിച്ച മെഹുവ മൊയ്ത്ര തൃണമൂൽ കോൺഗ്രസ് മാത്രമാണ് ദേശീയ തലത്തിൽ കോൺഗ്രസിന് ബദലെന്നും അവകാശപ്പെട്ടു.

അതേസമയം, മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത് ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന് ഉറപ്പാക്കാനാണെന്നായിരുന്നു മേഘാലയയിലെ തൻ്റെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധിയുടെ പരാമർശം.