മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ ഇടതുപക്ഷം; ബിജെപിയെ ഒറ്റക്കെട്ടായി നേരിടണമെന്ന് നിലപാട്

കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി ഇടതുപക്ഷ പാർട്ടികൾ. സിപിഐഎം, സിപിഐ അടക്കമുള്ള ഇടതുപാർട്ടികൾ പ്രത്യേക പാർലമെന്റ് സമ്മേളനത്തെയും കേന്ദ്രസർക്കാരിന്റെ നീക്കത്തെയും വിമർശിച്ചു. രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചന നടത്താതെ ബിജെപി ഏകപക്ഷീയമായി മുന്നോട്ടുപോകുകയാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.
വനിതാ സംവരണത്തെ മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കാതെ ഉടൻ നടപ്പാക്കണമെന്നാണ് ഇടതുപാർട്ടികളുടെ ആവശ്യം. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ പേരിൽ മണ്ഡല പുനർനിർണയത്തിനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ഇടതുപാർട്ടികൾ നിലപാടെടുത്തു.
അതേസമയം, മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യാ സഖ്യ നേതാക്കൾ ചെന്നൈയിലെത്തി. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ സ്റ്റാലിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
മണ്ഡല പുനർനിർണയ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി എൻസിപി (എസ്.പി) അധ്യക്ഷൻ ശരദ് പവാറുമായും ഇന്ത്യാ സഖ്യ നേതാക്കൾ കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം നീക്കങ്ങൾ നടത്തുന്നത്.


