മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ച് സ്റ്റാലിൻ; ‘തമിഴ്‌നാടോ ഇന്ത്യയോ’ എന്ന ചോദ്യവുമായി സമൂഹമാധ്യമങ്ങളിൽ വിമർശനം

single-img
29 November 2026

മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള നിലപാടിന്റെ കാരണങ്ങൾ വിശദീകരിച്ച് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ഇന്ത്യാ മുന്നണി നേതാക്കൾ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. എന്നാൽ സ്റ്റാലിന്റെ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ഉയരുകയാണ്.

തമിഴ്‌നാടിന്റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ പ്രാതിനിധ്യവും സ്വാധീനവും സംരക്ഷിക്കാനാണ് നിലവിലെ ബില്ലിനെ പിന്തുണയ്ക്കുന്നതെന്നാണ് സ്റ്റാലിന്റെ വിശദീകരണം. എന്നാൽ, ഈ നിലപാടിനെ ചോദ്യം ചെയ്ത് ‘തമിഴ്‌നാടോ ഇന്ത്യയോ’ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിലെ കമന്റ് ബോക്സുകളിൽ ഉയരുന്നത്.

തമിഴ്‌നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള സ്റ്റാലിന്റെ നിലപാടിനെ അംഗീകരിക്കുമ്പോഴും രാജ്യത്തിന്റെ ജനാധിപത്യവും ഐക്യവും അതിനേക്കാൾ പ്രധാനമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഇന്ത്യ നിലനിൽക്കുമ്പോൾ മാത്രമേ സംസ്ഥാനങ്ങളുടെ താൽപര്യങ്ങളും സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും ജനാധിപത്യ സംവിധാനം തന്നെ ഇല്ലാതായാൽ ഒരു സംസ്ഥാനത്തിനും സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാനാകില്ലെന്നുമാണ് വിമർശകരുടെ വാദം.

രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകണമെന്നും അനീതിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും നിരവധി പേർ പ്രതികരിക്കുന്നുണ്ട്. ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും ഒന്നിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, സ്റ്റാലിന്റെ നിലപാട് അടുത്ത തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) കൂടുതൽ സീറ്റുകൾ നേടാൻ സഹായിക്കുമെന്ന വിലയിരുത്തലുകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നുണ്ട്.

1971നു ശേഷമുള്ള ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ തമിഴ്‌നാടിന്റെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും പാർലമെന്റിലെ രാഷ്ട്രീയ പ്രാതിനിധ്യം കുറയുമെന്നാണ് സ്റ്റാലിന്റെ പ്രധാന ആശങ്ക. നിലവിലെ ഭരണഘടനാ വ്യവസ്ഥകൾ മാറ്റാനുള്ള രാഷ്ട്രീയശക്തിയോ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമോ പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അടുത്ത 25 വർഷത്തേക്ക് തമിഴ്‌നാടിന്റെ രാഷ്ട്രീയ സ്വാധീനം സംരക്ഷിക്കാനുള്ള നീക്കമായാണ് ബില്ലിനെ അനുകൂലിക്കുന്നതെന്നും സ്റ്റാലിൻ വിശദീകരിച്ചു. ബിൽ പരാജയപ്പെട്ടാൽ 2027 ജനുവരിയിൽ രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡല പുനർനിർണയ കമ്മീഷന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നേരിടാനിടയുള്ള പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു.

ഇന്ത്യാ മുന്നണിയിലെ പ്രമുഖ നേതാക്കളായ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി എന്നിവർ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കവെയും മണ്ഡല പുനർനിർണയ ബില്ലിനെ അനുകൂലിക്കുന്ന നിലപാടിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.